അതിവേഗ ഓസ്‌ട്രേലിയൻ കണക് ഷനുമായി മലിൻഡോ

മലിൻഡോ എയർ കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് പുനരാരംഭിക്കുന്നു. ആഴ്ചയിൽ നാലു ദിവസം കൊച്ചിയിൽ നിന്ന് ക്വാലാലാമ്പൂരിലേക്ക്‌ മലിൻഡോ സർവ്വീസ് നടത്തും.

വെറും ഒന്നര മണിക്കൂറിനുള്ളിൽ ഓസ്‌ട്രേലിയയിലെ പെർത്തിലേയ്ക്ക് മലിൻഡോയുടെ കണക് ഷൻ ഫ്ലൈറ്റ് ലഭിക്കുന്നതരത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ എല്ലാദിവസവും എയർ ഏഷ്യ (ബെർഹാദ്) വിമാനം കൊച്ചിയിൽ നിന്ന് ക്വാലാലാമ്പൂരിലേക്ക്‌
സർവ്വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് ഒന്നുമുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 00:10 ന് കൊച്ചിയിൽ നിന്ന് മലിൻഡോ വിമാനം പുറപ്പെടും.

രാവിലെ 0705 ന് ക്വാലാലാമ്പൂരിലെത്തും. 08:25 ന് പെർത്തിലേയ്ക്ക് കണക് ഷൻ വിമാനമുണ്ട്. 1410 ന് പെർത്തിൽ ഇറങ്ങാം. ഞായർ,തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ 2135 നാണ് ക്വാലാലാമ്പൂരിൽ നിന്ന് കൊച്ചിയിലേയ്ക്ക് മലിൻഡോ വിമാനം പുറപ്പെടുന്നത്.

മലിൻഡോയുടെ കൊച്ചിയിൽ നിന്നുള്ള സർവ്വീസുകൾക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ ആഴ്ചയിൽ എല്ലാദിവസവും കൊച്ചി-ക്വാലാലാമ്പൂര്‍ സെക്ടറിൽ മലിൻഡോ സർവീസ് നടത്തും.
പൂർവേഷ്യയിലേയ്ക്ക് കണക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നിരവധി പുതിയ സർവ്വീസുകൾ പ്രതീക്ഷിക്കുന്നതായി സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. നിലവിൽ സിംഗപ്പൂരിലേക്കും
ക്വാലാലാമ്പൂരിലേക്കും പ്രതിദിന സർവ്വീസുകളുണ്ട്.

ബാങ്കോക്കിലേയ്ക്ക് ആഴ്ചയിൽ രണ്ട് സർവ്വീസുകളുമുണ്ട്. ഓഗസ്‌റ്റോടെ ഈ മേഖലകളിലേയ്ക്കുള്ള പ്രതിവാര സർവ്വീസുകൾ കൂടും. ഓസ്‌ട്രേലിയയിലേക്ക്‌ നേരിട്ടുള്ള സർവ്വീസുകൾക്കായുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതിന്റെ ആദ്യഘട്ടം എന്ന നിലയ്ക്കാണ് ഏറ്റവും കുറഞ്ഞ കണക് ഷൻ സമയവുമായി ഇപ്പോൾ മലിൻഡോയുടെ സർവ്വീസ് തുടങ്ങുന്നത് – സുഹാസ് കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ തുടങ്ങുന്ന ശീതകാല സമയപ്പട്ടികയിൽ യൂറോപ്പിലേക്കും പൂർവേഷ്യയിലേയ്ക്കും കൂടുതൽ സർവ്വീസുകൾ എത്തിക്കുമെന്ന പ്രതീക്ഷയാണ് സിയാലിനുള്ളത്.

Content highlight: Malindo air to resume Kochi service

Leave a Reply

Your email address will not be published. Required fields are marked *