ചാലിപ്പുഴയില്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ആവേശത്തുടക്കം
കർക്കടക മഴയിൽ കുത്തിയൊഴുകുന്ന ചാലിപ്പുഴയുടെ ഓളങ്ങളിൽ പതിനൊന്നാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തില്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സിലൂടെ തുഴഞ്ഞ് കുതിച്ചെത്തിയ വിദേശ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ നിറഞ്ഞ കൈയടിയോടെയാണ് ജനം സ്വീകരിച്ചത്. രണ്ട് ദിവസമായി നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ലിന്റോ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.
ആദ്യദിനം ഒളിമ്പിക്സ് മത്സര ഇനമായ എക്സ്ട്രീം സ്ലാലോം ആയിരുന്നു ആദ്യം നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ജലനിരപ്പ് അധികമായതിനാല്‍ അമച്വര്‍ ബോട്ടര്‍ ക്രോസ്സ് മത്സരത്തോടെയാണ് തുടങ്ങിയത്. യുഎസ്.എ, റഷ്യ, ഇറ്റലി, ന്യൂസിലാന്‍ഡ്, ചിലി, യുക്രെയ്ന് തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ കയാക്കിങ്ങില്‍ മാറ്റുരക്കുന്നുണ്ട്.




















