ഡെസേർട്ട് സഫാരി മാതൃകയിൽ കുട്ടനാട് ടൂറിസം പാക്കേജ്
ഗൾഫ് രാജ്യങ്ങളിലുള്ള ഡെസേർട്ട് സഫാരി മാതൃകയിൽ പ്രത്യേക ടൂറിസം പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട്, പാതിരാമണൽ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ആവിഷ്കരിക്കുന്ന പാക്കേജിനായി പ്രത്യേക ബോട്ടുകൾ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടൂറിസം, സാംസ്കാരിക വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പാക്കേജ് അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്ന കേരളത്തിൻ്റെ തനത് കലകൾ പ്രദർശിപ്പിക്കാനുള്ള വേദി കൂടി ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച ഫോർട്ട് കൊച്ചി ബോട്ട് ജെട്ടിയുടെയും ജലഗതാഗത വകുപ്പ് വാങ്ങിയ അത്യാധുനിക ബോട്ടുകളുടെയും സിൽറ്റ് പുഷർ മെഷീൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി നഗരത്തിന്റെ ഹൃദയഭാഗമായ മംഗളവനം മുതൽ ദർബാർ ഹാൾ വരെയുള്ള പ്രദേശങ്ങളെ സൈലന്റ് സോണാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി, വിവിധ കലാലയങ്ങൾ, ജനറൽ ആശുപത്രി തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന ഈ ഭാഗത്ത് വാഹന ഹോൺ നിരോധിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൊച്ചി കോർപ്പറേഷനുമായി സഹകരിച്ച് തയ്യാറാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകും.
എറണാകുളത്തേക്ക് വരുന്ന ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും എൻ.എച്ച് 66 ദേശീയപാതയിലെ റോഡ് നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന ഗതാഗത കുരുക്കിൽ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അരൂക്കുറ്റി – കൊച്ചി റൂട്ടിൽ ഉടൻ തന്നെ പ്രത്യേക ബോട്ട് സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എറണാകുളം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.ജെ. മാക്സി, കെ.എൻ ഉണ്ണികൃഷ്ണൻ, ദലീമ ജോജോ, കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ, കൗൺസിലർ ടി.കെ അഷ്റഫ്, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ എന്നിവർ പങ്കെടുത്തു.
.