കുട്ടനാട് സഫാരി ടൂറിസം സർവീസ് ഉദ്ഘാടനം ചെയ്തു
സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
ഇതിലൂടെ സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ സുഖകരമായ യാത്ര സൗകര്യം ഉറപ്പാക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജലഗതാഗത വകുപ്പും മുഹമ്മ ഗ്രാമ പഞ്ചായത്തും സംയുക്തമായി പാതിരാമണൽ ദ്വീപിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയായ കുട്ടനാട് സഫാരി, ആംഫി തീയേറ്റർ, 30 പാസഞ്ചർ ശേഷിയുള്ള സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെ. എസ്.ആർ.ടി. സിക്കായി പുതുതായി വാങ്ങുന്ന 650 എ.സി ബസുകളുടെ പദ്ധതിയിൽ ഒപ്പിട്ടതായി മന്ത്രി അറിയിച്ചു.
വനിതകൾക്കായി പ്രത്യേകം ആരംഭിക്കുന്ന ‘പിങ്ക് ബസുകളും’ ഇതിൽ ഉൾപ്പെടും. ചേർത്തലയുൾപ്പെടെയുള്ള ഇടങ്ങളിൽ സാധാരണക്കാർക്കായി ഓർഡിനറി എ.സി ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




















