കുമളിയില്‍ നിന്ന് ശബരിമലയിലേക്ക് പ്രത്യേക കെ.എസ്.ആർ.ടി.സി ബസ്സുകൾ

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. പ്രത്യേക സര്‍വീസുകള്‍ തുടങ്ങി. തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ 12 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

നിലവിലുള്ള സര്‍വീസുകളെ ബാധിക്കാത്ത വിധത്തിലാകും പ്രത്യേക സര്‍വീസുകള്‍. മണ്ഡലകാലത്തുടനീളം കുമളി ഡിപ്പോയില്‍ നിന്ന് എല്ലാ ദിവസവും പമ്പ ബസ്സ് ഉറപ്പുവരുത്തും. 232 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസ്സ് നിറയുന്നതനുസരിച്ചാവും ട്രിപ്പ് തുടങ്ങുക. ബസ്സിൽ 40 യാത്രക്കാരായാല്‍ പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.

കുമളി ടൗണിലെ പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. 04869 223224 എന്ന നമ്പറില്‍ വിവരങ്ങള്‍ ലഭിക്കും. മകരവിളക്കിനോടനുബന്ധിച്ച് മൂന്ന് ബസ്സുകൾ കൂടിയെത്തുന്നതോടെ പമ്പ സര്‍വീസിനുള്ള ആകെ ബസ്സുകളുടെ എണ്ണം 15 ആകും. തിരക്ക് വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ ബസ്സ് അനുവദിക്കുമെന്നും കുമളി ഡിപ്പോ അധികൃതര്‍ അറിയിച്ചു.

കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ വണ്ടിപ്പെരിയാര്‍-സത്രം പാതയില്‍ ഒരു ബസ്സും നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ആറ് മണിക്ക് വണ്ടിപ്പെരിയാറില്‍ നിന്ന് യാത്ര തുടങ്ങുന്ന ഈ ബസ്സ് എട്ട് ട്രിപ്പുകള്‍ നടത്തും. രാത്രി 7.10 നാണ് ഈ ബസ്സിന്റെ സത്രത്തില്‍ നിന്നുള്ള അവസാന ട്രിപ്പ്. ഇത് കുമളി ഡിപ്പോ വരെയുണ്ടാകും.

കുമളിയില്‍ നിന്നുള്ള പ്രത്യേക സര്‍വീസ് കൂടാതെ തൊടുപുഴയില്‍ നിന്ന് ഒരു ബസ്സും എല്ലാ ദിവസവും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. വൈകീട്ട് ഏഴിന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്ത് നിന്നാണ് ഇത് ആരംഭിക്കുക. കുമളി ഡിപ്പോ ഫോണ്‍: 04869 224242.