ഡബിൾ ഡെക്കറിലിരുന്ന് അനന്തപുരിയിലെ കാഴ്ചകൾ കാണാം
ഡബിൾ ഡെക്കർ ബസ്സിൻ്റെ തുറന്ന മുകൾ നിലയിൽ ഇരുന്ന് ഇനി അനന്തപുരിയിലെ കാഴ്ചകൾ ആസ്വദിക്കാം. തിരുവനന്തപുരം
നഗരത്തിൻ്റെ മുഖമുദ്രയായ കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് പുതിയ രൂപത്തിൽ അവതരിപ്പിച്ച് ടൂറിസ്റ്റ് ആകർഷണമാക്കി യാത്ര തുടങ്ങി. നഗരം പകലും രാത്രിയും ഇനി ഡബിൾ ഡെക്കറിൽ ചുറ്റി കാണാം.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് ആണ് ആദ്യ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഗതാഗത മന്ത്രി ആൻ്റണി രാജു അധ്യക്ഷത വഹിച്ചു. പ്രാരംഭ ഓഫർ എന്ന
നിലയിൽ പകൽ യാത്രയ്ക്കും രാത്രി യാത്രയ്ക്കും 200 രൂപ വീതമാണ് ഫീസ്. രാത്രിയും പകലുമായി ബുക്ക് ചെയ്യുന്നവർക്ക് 350 രൂപയാണ് നിരക്ക്.
പ്രാരംഭ ഓഫർ കഴിഞ്ഞാൽ പകൽ, രാത്രി യാത്രകൾക്ക് 250 രൂപ വീതം ഈടാക്കും. പകലും രാത്രിയും ചേർത്ത് ബുക്ക് ചെയ്യുമ്പോൾ 400 രൂപയായിരിക്കും ചാർജ്. ഉദ്ഘാടന യോഗത്തിനുശേഷം ആദ്യ യാത്രയിൽ മന്ത്രി ആൻ്റണി രാജു സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കും ജീവനക്കാർക്കുമൊപ്പം ബസ്സിൽ സഞ്ചരിച്ചു. കെ. എസ്. ആർ. ടി. സി. സി. എം.ഡി ബിജു പ്രഭാകർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
കെ.എസ്.ആർ.ടി.സി. ‘സിറ്റി റൈഡ് ‘എന്ന് പേരിട്ട സർവീസിൽ വിനോദസഞ്ചാരികൾക്ക് ഏറ്റവും ആകർഷണീയമായ രീതിയിൽ നഗരക്കാഴ്ചകൾ തടസ്സങ്ങളില്ലാതെ ദർശിക്കാം. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, കോവളം, ലുലുമാൾ തുടങ്ങിയ സ്ഥലങ്ങളിലൂടെ തുറന്ന ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാം.