കെ.എസ്.ആർ.ടി.സിക്ക് 87-ാം പിറന്നാൾ
ആനവണ്ടിയുടെ 87-ാം പിറന്നാളാണ് ഫെബ്രുവരി 20. തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് ഇന്ന് കാണുന്ന കെ.എസ്.ആർ.ടി.സി സ്ഥാപിച്ചത്. ഇന്ത്യയിൽ ഒരു രാജാവ് സ്ഥാപിച്ച സർക്കാർ ബസ് കമ്പനി എന്ന അപൂർവത കെ.എസ്.ആർ.ടി.സി ക്ക് മാത്രം.
ലണ്ടൻ പാസഞ്ചർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപ്പറേറ്റിങ്ങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20ന് മോട്ടോർ സർവ്വീസിൻ്റെ സൂപ്രണ്ടായി അവരോധിക്കപ്പെട്ടു. സംസ്ഥാന മോട്ടോർ സർവ്വീസ് ചിത്തിരതിരുനാൾ മഹാരാജാവ് 1938 ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വക ബസ് സർവീസ്. മഹാരാജാവും ബന്ധു ജനങ്ങളുമായിരുന്നു ഉദ്ഘാടന യാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.