ആനവണ്ടിയിൽ കോഴിക്കോട് നഗരം ചുറ്റി കാണാം
ഉച്ചയ്ക്ക് ആന വണ്ടിയിൽ കയറി ഇരുന്നാൽ രാത്രി വരെ ആർത്തുല്ലസിച്ച് കോഴിക്കോട് നഗരം ചുറ്റി കാണാം. മലബാറിൽ ആദ്യമായി കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് നടത്തുകയാണ്. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ആരംഭിച്ച ബസ് സർവ്വീസ് ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി ഫ്ലാഗ് ഓഫ് ചെയ്തു.
കെ.എസ്.ആർ.ടി.സി വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിലാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് ഇരുന്നൂറോളം ട്രിപ്പുകൾ ആണ് കോഴിക്കോട് ജില്ലയിൽ നടത്തുക.
ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സർവ്വീ സാണുണ്ടാവുക. 200 രൂപയാണ് ചാർജ്. ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി എട്ടു വരെ നഗരം ചുറ്റി കാണാം.
30 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് ആദ്യയാത്ര നടത്തിയത്. യാത്ര പോകാൻ ആഗ്രഹിക്കുന്നവർ 9846100728, 9544477954 എന്നീ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനെറ്റേറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് സഞ്ചരിക്കുക.