ഹിറ്റായി കൂത്താട്ടുകുളത്തെ കെ.എസ്. ആര്‍.ടി.സി.ബജറ്റ് ടൂറിസം
കിഴക്കന്‍ മേഖലയില്‍ ആദ്യമായി ബജറ്റ് ടൂറിസത്തിന് തുടക്കം കുറിച്ച എറണാകുളം കൂത്താട്ടുകുളം കെ.എസ്. ആര്‍.ടി.സി. ഡിപ്പോയുടെ ബഡ്ജറ്റ് ടൂറിസം പരിപാടി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി. 337 യാത്രകളിലായി 15,000 അധികം പേരാണ് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായത്.
2022 ഏപ്രില്‍ 10 ന് അനൂപ് ജേക്കബ് എം.എല്‍. യാണ് ആദ്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഈ യാത്ര അഞ്ചുരുളിയിലേക്കായിരുന്നു. ബജറ്റ് ടൂറിസം എന്ന ആശയത്തിന് പുറമേ അപരിചിതരായ ആളുകള്‍ തമ്മില്‍ യാത്രകള്‍ സൃഷ്ടിച്ച സൗഹൃദവും പരിപാടിയുടെ പ്രത്യേകതയായി.
നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിരവധി യാത്രകളാണ് ഇനിയും വരാനിരിക്കുന്നത്. മലയാറ്റൂര്‍, വട്ടവട, മലമ്പുഴ എന്നിവിടങ്ങിലേക്കും കപ്പല്‍ യാത്രകള്‍ ഉള്‍പ്പടെ വ്യത്യസ്തമായ യാത്ര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മെയ് മാസം മുതല്‍ വയനാട്, മലക്കപ്പാറ, രാമക്കല്‍മേട്, കോവളം, ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ, ഗവി, സൈലന്റ് വാലി, പൊന്മുടി , നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രകള്‍ നടക്കും.
അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എ.ടി.ഷിബു, കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. രോഹിണി, ജില്ലാ കോര്‍ഡിനേറ്റര്‍ പ്രശാന്ത് വേലിക്കകം, യൂണിറ്റ് കോര്‍ഡിനേറ്റര്‍ സി.എസ്. രാജീവ് കുമാര്‍, അസി. കോ ഓര്‍ഡിനേറ്റര്‍മാരായ കെ. സുജിത്, നിഷു സോമന്‍ എന്നിവരാണ് യാത്രകള്‍ക്ക് നേതൃത്വം നല്‍കുന്നത്.