ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍ 29 വരെ
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍-3 ഡിസംബര്‍ 26 മുതൽ 29 വരെ നടക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറും.
ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാട്ടര്‍ ഫെസ്റ്റും അനുബന്ധ പരിപാടികളും ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് നടക്കുക.
ജലമേള നടക്കുന്ന ദിനങ്ങളില്‍ പായ് വഞ്ചികളുടെ മത്സരത്തിനാണ് ബേപ്പൂര്‍ സാക്ഷ്യം വഹിക്കുക. സിറ്റ് ഓണ്‍ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമേ നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വലവീശല്‍, ചൂണ്ടയിടല്‍ എന്നിവയും വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.
വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങള്‍ അണിനിരത്തി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലും മേളയുടെ ആകര്‍ഷണമാണ്. ബേപ്പൂര്‍ പാരിസണ്‍ ഗ്രൗണ്ടിലാണ് ഭക്ഷ്യ മേള. അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റിവല്‍ ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
പ്രധാനമായി മൂന്ന് വേദികളിലാണ് ഇത്തവണ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് നടക്കുക. ബേപ്പൂരില്‍ ജല കായിക പരിപാടികളും എല്ലാദിവസവും വൈകീട്ട് കലാ-സംഗീത പരിപാടികളും ഉണ്ടായിരിക്കും.