മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിയുടെ സ്വാദ്
ഡോ. ജയപ്രകാശ് കണ്ടത്തിൽ
ലോകത്തിലെ തന്നെ ഏറ്റവും രുചികരവും വിലയേറിയതുമാണ് ലുവാക് കാപ്പി.കോഫിയെ പ്രണയിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രണയ സാഫല്യം കൂടിയായി ഈ കോഫി
നാട് കോവിഡിന്റെ പിടിയിലമർന്ന് പുറത്തിറങ്ങാതായപ്പോൾ മുമ്പ് നടത്തിയ ബാലിയിലേക്കുള്ള യാത്ര എത്ര രസകരമായിരുന്നുവെന്ന് ഞാൻ ഓർത്തുപോയി . യാത്രകൾ വളരെയേറെ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കളുമായി കൊച്ചിയിൽ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലെ ഡെൻപസാർ വിമാനത്താവളത്തിലേക്ക് എട്ടു മണിക്കൂർ നീണ്ട വിമാനയാത്ര. വൈകുന്നേരത്തോടു കൂടി ബാലിയിൽ.
മുൻപരിചയമുള്ള ടൂറിസ്റ്റ് ഗൈഡ് റോമിയോ അദ്ദേഹത്തിൻറെ കാറുമായി വിമാനത്താവളത്തിൽ കാത്തിരിപ്പുണ്ടായിരുന്നു. വിനോദങ്ങളുടെ സിരാകേന്ദ്രമായ കുട്ട എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസ ഹോട്ടൽ . കാർ യാത്രക്കിടയിൽ അടുത്തദിവസം സന്ദർശിക്കേണ്ട സ്ഥലങ്ങളെ പറ്റി ഗൈഡ് റോമിയോയുമായി ചർച്ച ചെയ്തു. ആദ്യ ദിവസം തന്നെ
ബാലിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്ക് … ലോകത്തിലെ ഏറ്റവും രുചികരവും വില കൂടിയതുമായ ലുവാക് കോഫി ഉൽപാദിപ്പിക്കുന്ന എസ്റ്റേറ്റിലേക്ക് തന്നേയാവട്ടെ എന്ന് തീരുമാനിച്ചു.
അടുത്തദിവസം അതിരാവിലെ തന്നെ ഗ്രാമത്തിലെ ലുവാക് കോഫി എസ്റ്റേറ്റിലേക്ക് യാത്ര തിരിച്ചു. കേരളം പോലെ തോന്നിപ്പിക്കുന്ന നിരത്തുകളിൽ കൂടി ഏകദേശം ഒന്നരമണിക്കൂറോളം കാർ യാത്ര ചെയ്ത് ഒരു ലുവാക് കോഫി എസ്റ്റേറ്റിൽ എത്തി. റസ്റ്റോറന്റിൽ ഞങ്ങളെ
സ്വീകരിച്ച പ്രായമായ ദമ്പതിമാര്‍ കാപ്പി വിശേഷങ്ങൾ പറഞ്ഞ് മെനു കൈയിൽ തന്നു. കാപ്പി ഉണ്ടാക്കുന്ന വലിയ പാത്രവും കുറേകപ്പുകളിൽ നിരത്തിയ വ്യത്യസ്ത രുചിയുള്ള കാപ്പിയും മേശപ്പുറത്തുണ്ട്. മെനു നോക്കി പറഞ്ഞാൽ വളരെ ചെറിയൊരു കപ്പിൽ സാമ്പിൾ രുചിക്കാൻ തരും. അതു കഴിഞ്ഞാൽ ഓർഡർ കൊടുക്കാം. പാലൊഴിക്കാത്ത കട്ടനാണ് എല്ലാം. പാലൊഴിച്ചതും കിട്ടും. രുചിച്ച് പറഞ്ഞ കാപ്പി ഒരു കപ്പിലാക്കി കൈയിൽ തന്നു.
400 രൂപയാണ് വില. ഇതിലും വളരെ വില കൂടിയതുമുണ്ട്. വായിച്ചും കേട്ടറിഞ്ഞും ലഭിച്ച അതേ അനുഭവം തന്നെയായിരുന്നു ലുവാക് കോഫി നുണഞ്ഞപ്പോൾ ലഭിച്ച അനുഭൂതി. നമ്മുടെ സാധാരണ കാപ്പിയല്ല. നമ്മെ ആകർഷിക്കുന്ന ഒരു പ്രത്യേക സ്വാദ് ! അത് പറഞ്ഞറിയിക്കാൻ കഴിയില്ല. പൊതുവെ കോഫിയെ പ്രണയിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ഒരു പ്രണയ സാഫല്യം കൂടിയായി ഈ കോഫി നുണയൽ. ബാലി സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ
വളരെ താല്പര്യത്തോടെ ആസ്വദിക്കുന്ന ഒന്നാണ് ‘കോപ്പി ലുവാക്ക് ‘ എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ തനതായ ഒരിനം കാപ്പി. സഞ്ചാരികളിൽ ബഹുഭൂരിപക്ഷവും ഈ ലുവാക് കാപ്പി പൗഡർ ഉൽപ്പാദിപ്പിക്കുന്ന ഫാമുകളിൽ തീർച്ചയായും സന്ദർശിച്ചിരിക്കും. അല്ലെങ്കിൽ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടം. ലോകത്തിലെ തന്നെ ഏറ്റവും രുചികരവും വിലയേറിയതുമാണ് ഈ കാപ്പിപ്പൊടി . കാപ്പിപ്പൊടിയുടെ നിർമ്മാണം കൗതുകം പകരുന്നതും ശ്രമകരവുമാണ്. കാപ്പിത്തോട്ടങ്ങളിൽ കണ്ടുവരുന്ന വെരുക് അല്ലെങ്കിൽ മരപ്പട്ടി
ഇനത്തിൽപ്പെട്ട ഒരു ജീവിയാണ് കോഫി പൗഡർ ഇത്രയും രുചികരമാക്കാൻ സഹായിക്കുന്നത്. ആഫ്രിക്കയിലും ഏഷ്യയിലും പ്രത്യേകിച്ച് പനകളിൽ വസിക്കുന്നവരാണ് ഈ മരപ്പട്ടികൾ . ഏറ്റവും ഉത്തമമായ പാകമായ കാപ്പി കുരുക്കൾ ആണ് ഇവയുടെ ഭക്ഷണം. ഏറ്റവും നല്ല കാപ്പി കുരുക്കൾ മാത്രമേ ഈ ജീവികൾ ഭക്ഷിക്കു. ഇവയുടെ വിസർജ്യത്തിൽ ഈ കാപ്പികുരു ദഹിക്കാതെ പുറന്തള്ളപ്പെടും .
അവ ശേഖരിച്ച് കഴുകി ഉണക്കി വൃത്തിയാക്കി വറുത്ത് പൊടിച്ചെടുക്കുന്നതാണ് പ്രത്യേക ഇനം കാപ്പിപ്പൊടി നിർമ്മിക്കുന്നത്. വെരുകിന്റെ ആമാശയത്തിലെ ചില ദഹനരസങ്ങൾ കാപ്പിക്കുരുവിലെ പ്രോട്ടീൻ കണികകളെ പ്രത്യേകരീതിയിൽ മയപ്പെടുത്തിയെടുക്കും. ഈ പ്രതിപ്രവർത്തനം മൂലം കാപ്പിക്കുരുവിന്റെ അമ്ലാംശം കുറയുകയും വളരെ രുചികരമായ ഒന്നായി മാറുകയും ചെയ്യും. എസ്റ്റേറ്റിൽ അതിരാവിലെ തന്നെ തൊഴിലാളികൾ കാപ്പി കുരുവുള്ള വെരുകിന്റെ വിസർജ്യം ശേഖരിക്കാൻ ഇറങ്ങും. ഒരു പറ്റം തൊഴിലാളികൾ
കൊണ്ടുവരുന്ന പെരുകിന്റെ വിസർജ്യം കഴുകി ഉണക്കലാണ് അടുത്തപടി. ബാലിയിലെ മിക്ക ലുവാക് എസ്റ്റേറ്റുകളിലും ടൂറിസ്റ്റുകൾക്ക് കാണാൻ വേണ്ടി ഈ മരപ്പട്ടികളെ കൂട്ടിലിട്ട് വളർത്തുന്നുണ്ട്. സംഭരിക്കുന്ന കാപ്പിക്കുരു ഭക്ഷണയോഗ്യമായ കാപ്പിപ്പൊടിയാക്കി മാറ്റുന്നത് ടൂറിസ്റ്റുകൾക്ക് നേരിട്ട് കാണാം എല്ലാ എസ്റ്റേറ്റകളോട് അനുബന്ധിച്ചും ഒരു നല്ല കോഫി ഷോപ്പ് ഉണ്ടാവും.
ശുദ്ധീകരിച്ച വിലയേറിയ ഈ കോഫി പൗഡർ വാങ്ങുന്നതോടൊപ്പം, നമുക്ക് റസ്റ്റോറൻറകളിലിരുന്ന് പ്രകൃതി ഭംഗി യോടൊപ്പം രുചിയേറിയ പലതരം കാപ്പിയും നുണയാം . കോഫി ആസ്വാദകരുടെ ഒരു പറുദീസാ കൂടിയാണ് ബാലിയിലെ ഈ ലുവാക് കോഫി റസ്റ്റോറൻറ്കൾ. ബാലി സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ടൂറിസ്റ്റുകൾ തീർച്ചയായും ഇവിടം സന്ദർശിക്കുക തന്നെ വേണം. ലോക പ്രസിദ്ധമാണ് കോഫി ലുവാക്ക്. വില കൂടിയ ഈ കാപ്പിപ്പൊടി ഇന്തോനേഷ്യയിൽ നിന്ന് ചൈനയടക്കമുള്ള മിക്ക രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
Good write up. 👌👌👌
ലളിതമായ അവതരണശൈലി. 👌🙏
Lovely 😊
Luwak kaappiiiii
😂😂😂🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️❤️❤️❤️
മരപ്പട്ടിയുടെ വിസർജനത്തിൽ നിന്നുള്ള കാപ്പി എനിക്ക് പുതിയ അറിവാണ്. ഡോക്ടർ ജയപ്രകാശിന്റെ അവതരണ ശൈലി ഏറെ ഇഷ്ടപ്പെട്ടു. കൊറോണക്കു ശേഷം യാത്ര പോവുമ്പോൾ ഇതു നേരിൽ ആസ്വദിക്കാം.നന്ദി
ലളിതമായ അവതരണ ശൈലി