കൊച്ചി വാട്ടര്‍മെട്രോ പൂർത്തിയാവുന്നു ; ആദ്യ ബോട്ട് സവാരി നടത്തി
കേരളത്തിന്റെ ജലഗതാഗതത്തിന് മുതൽകൂട്ടായി കൊച്ചി വാട്ടര്‍മെട്രോ പൂർത്തിയാവുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്ക് പോസ്റ്റിൽ അറിയിച്ചു.
38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
23 ബോട്ടുകളാണ് വാട്ടർമെട്രോയുടെ ഭാഗമായി കൊച്ചിന് ഷിപ്പ് യാര്‍ഡ് നിർമ്മിക്കുന്നത്. നവംബർ മാസത്തോടെ ഇവ കൈമാറും. ആദ്യ ബോട്ടായ മുസിരിസ് കഴിഞ്ഞ ആഴ്ച പരീക്ഷണ സവാരി നടത്തിയിരുന്നു. നാലു ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം.
വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കണ്ട്രോള് സെൻ്ററിൽ നിന്ന് ബോട്ടിൻ്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള ഓട്ടോമാറ്റിക് സജ്ജീകരണവും രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ ക്യാമറയും ഒരുക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്.