കൊച്ചി വാട്ടര്‍ മെട്രോ യാത്രക്കാരുടെ എണ്ണം10 ലക്ഷം കവിഞ്ഞു
കൊച്ചി വാട്ടർ മെട്രോ യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. സർവീസ് തുടങ്ങി ആറ് മാസമാകുന്നതിനു മുമ്പാണിത്. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് പത്ത് ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർത്ഥിയാണ് സൻഹ.
കുടുംബത്തോടൊപ്പം ഹൈകോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് മനസ്സിലാക്കിയത്. കെ.എം.ആർ.എൽ. ഡയറക്ടർ (ഫിനാൻസ് ) എസ്.അന്നപൂരണി, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി. ജോൺ എന്നിവർ ചേർന്ന് സൻഹയ്ക്ക് ഉപഹാരം നൽകി.
കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26 ന് ആറ് മാസം പൂർത്തിയാകും.12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്- വൈപ്പിന്‍-ബോൾഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വ്വീസ് ഉള്ളത്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്.
ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്.