കൊച്ചി വാട്ടർ മെട്രോ ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

കായലിൻ്റെ മനോഹാരിത നുകർന്ന് യാത്ര ചെയ്യാൻ ഇതാ കൊച്ചി മെട്രോ. 10 ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച് 76 കിലോമീറ്റർ യാത്ര ചെയ്യാവുന്ന കൊച്ചി വാട്ടർ മെട്രോ  തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങിൽ ചൊവ്വാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. കൊച്ചിയുടെ ഗതാഗതമേഖലയിലും കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയിലും വാട്ടർ മെട്രോയിലൂടെ വലിയ മാറ്റമാണ് സൃഷ്ടിക്കപ്പെടുകയെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.

15 റൂട്ടുകളിലായി സർവീസ് നടത്താനൊരുങ്ങുന്ന വാട്ടർമെട്രോയ്ക്കു വേണ്ടി 38 ജെട്ടികൾ നിർമ്മിക്കുന്നുണ്ട്. 100 പേർക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുന്ന വാട്ടർമെട്രോ ബോട്ടുകൾ ഭിന്നശേഷി സൗഹൃദമാക്കിയും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും നിർമ്മിച്ചുനൽകുന്നത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ്. ഇലക്‌ട്രിക്‌–ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 10-15 മിനിറ്റ് കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്യാം. 

ഏപ്രിൽ 26 മുതൽ പൊതുജനങ്ങൾക്ക് വാട്ടർ മെട്രോയിൽ യാത്ര ചെയ്യാൻ സാധിക്കും. ഹെെക്കോർട്ട് ടെർമിനലിൽനിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. വെെറ്റില–കാക്കനാട് റൂട്ടിലുള്ള സർവീസ് ഏപ്രിൽ 27 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ് സർവീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ഹെെക്കോർട്ട്–വെെപ്പിൻ റൂട്ടിൽ സർവീസുണ്ടാകും. യാത്രക്കാരുടെ എണ്ണം പരിശോധിച്ചാണ് സമയം നിജപ്പെടുത്തുക. 
 
മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാർജ്. ഹെെക്കോർട്ട്–വെെപ്പിൻ 20 രൂപയും വെെറ്റില–കാക്കനാട് 30 രൂപയുമാണ്‌. ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന്‌ 600 രൂപയും ത്രൈമാസ പാസിന്‌ 1500 രൂപയുമാണ്. ടെർമിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ഒറ്റത്തവണ യാത്രയ്‌ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വൺ കാർഡ് ഉപയോഗിച്ച് വാട്ടർ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബെെൽ ക്യുആർ കോഡ് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും.
 

Leave a Reply

Your email address will not be published. Required fields are marked *