സുസ്ഥിര നഗര ഗതാഗതം: കൊച്ചി മെട്രോയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ധാരണാപത്രം ഒപ്പുവെച്ചു

സുസ്ഥിര നഗര ഗതാഗതവും പൊതു ഗതാഗത സംവിധാനങ്ങളും ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌.സി) ബെംഗളൂരുവും
ധാരണാപത്രം ഒപ്പുവെച്ചു.

ബഹുമുഖ നഗര ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുന്ന കെ.എം.ആർ.എല്ലിന്റെ പ്രായോഗിക പരിചയവും ഡാറ്റ ആധാരമാക്കിയ ആധുനിക ഗവേഷണ രംഗത്തെ ഐ.ഐ.എസ്‌.സിയുടെ വൈദഗ്ധ്യവും ഒരുമിച്ച് ഉപയോഗപ്പെടുത്തുകയാണ് ഈ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

സുസ്ഥിര ഗതാഗത ആസൂത്രണം, ഗതാഗത പ്രവർത്തനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ബ്ലോക്ക്‌ചെയിൻ, സിമുലേഷൻ മോഡലിംഗ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളുടെ പ്രയോഗം എന്നിവയാണ് സഹകരണത്തിന്റെ പ്രധാന മേഖലകൾ.

ഐ.ഐ.എസ്‌.സിയുമായി ആരംഭിച്ച  സഹകരണത്തിലൂടെ ശാസ്ത്രീയവും സമഗ്രവുമായ സമീപനം സ്വീകരിച്ച് കൊച്ചിയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമാക്കുകയാണ് കെ.എം.ആർ.എല്ലിന്റെ ലക്ഷ്യം’ – കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ  ലോക്നാഥ് ബെഹ്റ പറഞ്ഞു. മെട്രോ റെയിൽ, വാട്ടർ മെട്രോ, കനാൽ വികസന പദ്ധതികൾ തുടങ്ങിയ വിവിധ സംരംഭങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുന്ന സംയോജിത പരിഹാരങ്ങളാണ് ഇതിലൂടെ രൂപപ്പെടുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സഹകരണം യഥാർത്ഥ നഗര പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഐ.ഐ.എസ്‌.സി ബെംഗളൂരുവിലെ ഗതാഗത ആസൂത്രണ-നയ വിഭാഗം പ്രൊഫസർ പ്രൊ. ആശിഷ് വർമ്മ പറഞ്ഞു.

ഈ സഹകരണം കെ.എം.ആർഎല്ലിന്റെ നിലവിലുള്ളതും ഭാവിയിലേതുമായ പദ്ധതികൾക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പിന്തുണ നൽകുന്നതോടൊപ്പം ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്കും അന്താരാഷ്ട്ര തലത്തിലും അനുകരിക്കാവുന്ന സുസ്ഥിര നഗര ഗതാഗത മാതൃകയായി കൊച്ചിയെ ഉയർത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെ.എം.ആർ.എൽ ഡയറക്ടർ (പ്രോജക്ട്സ്) ഡോ. എം. പി. രാംനവാസ് പഞ്ഞു.

ധാരണാപത്രത്തിന്റെ ഭാഗമായി പ്രായോഗിക ഗവേഷണ പദ്ധതികൾ, അപൂർവ ഡാറ്റാസെറ്റുകളുടെ വികസനം, വിദ്യാർത്ഥികൾക്കായുള്ള ഗവേഷണ സഹകരണം, ശേഷിവികസന പരിപാടികൾ എന്നിവയും നടപ്പാക്കും. പൊതുഗതാഗതം, കാൽ നടപ്പാത, സൈക്ലിംഗ് തുടങ്ങിയ സുസ്ഥിര ഗതാഗത മാർഗങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും സ്വകാര്യ വാഹന ആശ്രയം കുറയ്ക്കുകയും ചെയ്യുന്ന ദീർഘകാല ഗതാഗത ആസൂത്രണത്തിന് ഈ സഹകരണം വഴിയൊരുക്കും.