പ്രകൃതിരമണീയമായ കരിയാത്തൻപാറ കാണാന്‍ വരൂ

പി. പ്രകാശ്‌

യാത്രയും പ്രകൃതിയുടെ മനോഹാരിതയും ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാവുന്ന സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ കരിയാത്തൻപാറ. നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമായി കരിയാത്തൻപാറ വളർന്നു കഴിഞ്ഞു. നേരത്തെ തന്നെ കല്ല്യാണ ആൽബത്തിന് വേണ്ടിയുള്ള ഔട്ട്ഡോർ ഷൂട്ടിങ്ങുകാർക്ക് ഇഷ്ടപ്പെട്ട ലൊക്കേഷനാണിത്. ഇപ്പോൾ ആളുകൾ കുടുംബസമേതം വന്ന് സമയം ചെലവഴിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്. തൊട്ടടുത്താണ് തോണിക്കടവ് ടൂറിസം കേന്ദ്രം. കരിയാത്തൻപാറ ഔദ്യോഗികമായി ടൂറിസ്റ്റ് കേന്ദ്രമാകാത്തതിനാൽ മറ്റു

സൗകര്യങ്ങളൊന്നും ഇവിടെ ആയിട്ടില്ല, പക്ഷേ നൂറുകണക്കിന് ആളുകളാണ് പുഴയിൽ ഇറങ്ങി കുളിക്കാനും പച്ചപ്പ് നിറഞ്ഞ പുൽമേടിൽ സമയം ചിലവഴിക്കാനും എത്തുന്നത്. സഞ്ചാരികളെ കാത്ത് കുതിര സവാരിയുമുണ്ട്.

ചുറ്റുമുള്ള മലനിരകൾ, നല്ല തെളിഞ്ഞ ജലാശയം, ഒരുഭാഗത്ത് ചെറിയ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവി, സുരക്ഷിതമായി കുളിക്കാൻ സാധിക്കുന്ന ഇടങ്ങൾ, കാറ്റാടി, അക്കേഷ്യ മരങ്ങളുടെ 

തണലിൽ ഭക്ഷണം തയ്യാറാക്കി വന്ന് ഷീറ്റ് വിരിച്ച് ഒരുമിച്ചിരുന്ന് കഴിക്കാനാവുമെന്ന സൗകര്യം… ഇതെല്ലാമാണ് ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. മറിഞ്ഞു കിടക്കുന്ന മരക്കുറ്റികളിലിരുന്ന് ജലാശയത്തിനോട് ചേർന്ന് ഫോട്ടോകൾ എടുക്കുന്നതും സഞ്ചാരികൾക്ക് ഹരമാണ്. തൊട്ടടുത്ത് തന്നെ ടൂറിസം വകുപ്പിന്റെ തോണിക്കടവ് ടൂറിസം കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ വലിയ ഒരു ടൂറിസം കേന്ദ്രമായി

ഇവിടം വികസിക്കും. കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 45 കിലോമീറ്റർ ദൂരെ കക്കയം ഡാമിന്റെ സമീപ പ്രദേശത്ത് കുറ്റ്യാടി പുഴയുടെ വശ്യമനോഹര തീരത്താണ് കരിയാത്തൻപാറ. കക്കയത്തേക്ക് പോകുന്ന ബസ്സിൽ കയറി കക്കയം വാലി അല്ലെങ്കിൽ കരിയാത്തൻപാറ സ്റ്റോപ്പിൽ ഇറങ്ങി ഇവിടെയെത്താം.

ഫോട്ടോ : ഷാരുണ്‍ .വി.എസ്.

Leave a Reply

Your email address will not be published. Required fields are marked *