ഇത് സൈബീരിയയിൽ നിന്ന് അതിഥികളെത്തുന്ന ‘കിച്ചൺ’
ഡോ. പി. വി. മോഹനന്‍
‘കിച്ചൺ’ എന്നാൽ രാജസ്ഥാനിൽ വെറും അടുക്കളയല്ല. ആയിരക്കണക്കിന് അതിഥികളാണ് സൈബീരിയയിൽ നിന്ന് ഇവിടെയെത്തുന്നത്. രാജസ്ഥാൻ ജോധ്പൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് കിച്ചൺ. ഈ ഗ്രാമത്തിന്റെ പേര് ഇന്ന് ലോക പ്രശസ്തമാണ്. സൈബീരിയയിൽ നിന്ന് ദേശാടനം നടത്തുന്ന ഡൊമിസില്ലി ക്രെയിൻ എന്ന പക്ഷി എത്തുന്ന ഒരു ജലാശയമുണ്ടിവിടെ. 50 x 60 മീറ്റർ വലുപ്പം മാത്രമുള്ള ചെറിയ ജലാശയം. 1970 കളിൽ നൂറിൽ താഴെ പക്ഷികൾ ഇവിടെ വന്നിരുന്നു. ആഹാരത്തിനു ഒരു വഴിയുമില്ലാതെ അലഞ്ഞ പക്ഷികൾക്ക് ഒരു ഗ്രാമീണ കുടുംബം ഭക്ഷണം കൊടുത്തു തുടങ്ങി.
ഒറീസ്സയിൽ ജോലി ചെയ്തിരുന്ന രത്തൻ ലാൽ എന്നയാൾ ജോലി നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ശേഷം ഗ്രാമത്തിൽ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ജോലിയിൽ പ്രവേശിച്ചു. അമ്മാവന്റെ സഹായിയായാണ് തുടക്കം. ഗ്രാമത്തിലെ ഒരു ജലാശയത്തിനടുത്ത് വരുന്ന പ്രാവുകൾ, അണ്ണാൻ, മയിൽ എന്നിവയ്ക്കാണ് ആഹാരം നൽകിയിരുന്നത്. ഇതിനിടയിൽ ഒരു പരിചയമില്ലാത്ത ഒരു ഡസൻ പക്ഷികൾ സ്ഥലത്തെത്തി. അവ പ്രാവുകൾക്ക് നൽകുന്ന തീറ്റ തിന്നാൻ തുടങ്ങി.
വരും വർഷങ്ങളിൽ ഇവയുടെ എണ്ണം കൂടി വന്നു. അതോടെ തെരുവുനായ്ക്കൾ അവയെ ആക്രമിക്കാനൊരുങ്ങി. രത്തൻലാലും കൂട്ടരും പഞ്ചായത്തിന്റെ സഹായം തേടി. പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന പ്രദേശം പഞ്ചായത്ത് വേലി കെട്ടി സംരംക്ഷിച്ചു. പക്ഷികളുടെ എണ്ണം കൂടിയതോടെ തീററച്ചെലവും കൂടി വന്നു. കുറച്ചു ബിസിനസ്സ് കാരുടെ സഹായം ലഭിച്ചതോടെ ഫീഡിങ്ങ് തുടർന്നു.
ഇപ്പോൾപഞ്ചായത്തും പ്രകൃതി സ്നേഹികളും ബിസിനസ്സുകാരും ഒക്കെ സഹായിക്കുന്നുണ്ട്. 3500 കിലോഗ്രാം ധാന്യമാണ് ദിവസം രണ്ടുനേരം തീറ്റയായി നൽകുന്നത്. സൈബീരിയയിൽ നിന്നും മഞ്ഞുകാലം വരുന്നതോടെയാണ് ഈ പക്ഷികൾ ഇന്ത്യയിലെത്തുന്നത്. ഓഗസ്റ്റ് മുതൽ വരവ് തുടങ്ങും. മാർച്ചോടെ മടങ്ങും. ജലാശയത്തിൽ കുളിച്ചും കുടിച്ചും സമയം കളയുന്ന കൊക്കുകൾ ഗ്രാമത്തിൽ ചെറിയ കൂട്ടമായി വട്ടമിട്ട് പറക്കും. വൈകുന്നേരത്തോടെ ഗ്രാമത്തിലെ മരങ്ങളിൽ ചേക്കേറും. രാവിലെ തീറ്റ സമയമാകുമ്പോഴേക്കും തിരിച്ചെത്തും.
വേനലിൽ ജലാശയത്തിൽ വെള്ളം കുറയുന്നതിനാൽ ഒന്നര കി.മി. അകലെയുള്ള കുളത്തിൽ നിന്നും വെള്ളമെത്തിക്കുന്ന പണി നടന്നുകൊണ്ടിരിക്കുന്നു. ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ഹൈ പവർ വൈദ്യുതി ലൈൻ മാറ്റാനും രാജസ്ഥാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 2008 ൽ പക്ഷികളുടെ എണ്ണം 30000 കവിഞ്ഞു. 2010 ൽ ഇതു സംബന്ധിച്ച് ഒരു ലേഖനം ബേർഡിങ്ങ് വൈൽഡ് മാഗസീനിൽ പ്രസിദ്ധീകരിച്ചതോടെയാണ് ഈ പ്രദേശത്തിനു അന്തർദ്ദേശീയ പ്രശസ്തി
കൈവന്നത്. ഐ.യു.സി.എൻ വക്താവിന്റെ അഭിപ്രായത്തിൽ ലോകത്ത് ഇത്തരം കൊക്കുകൾക്ക് കൃത്രിമ തീററ നൽകുന്ന ഒരേ ഒരു സ്ഥലം ഇവിടമാണ്. മാർവാർ ക്രെയിൻ ഫൗണ്ടേഷനും സന്ദർശകരും ഫോട്ടോഗ്രാഫർമാരും ഒക്കെ ഇപ്പോൾ സഹായിക്കുന്നുണ്ട്. സന്ദർശകർ കൂടിയതോടെ ചെറുകിട കച്ചവടക്കാരും സമീപത്തെത്തി. ഒരു കൂട്ടം പ്രകൃതി സ്നേഹികളും പക്ഷിസ്നേഹികളും ചേർന്ന് സൈബീരിയയിൽ നിന്നെത്തുന്ന അതിഥികൾക്ക് വിരുന്നൊരുക്കുകയാണ് ഇവിടുത്തെ ‘കിച്ചണിൽ’.
ഹിമാലയവും കടന്ന് രണ്ടാഴ്ച കൊണ്ടാണ് ഇവ ഇന്ത്യയിലെത്തുന്നത്. വടിവൊത്ത ശരീര പ്രകൃതിയായതിനാൽ സുന്ദരിമാരെ ഈ പക്ഷിയുമായി പുരാതന കാലത്ത് താരതമ്യം ചെയ്യാറുണ്ട്. 20-30 വർഷം വരെ ഇവ ജീവിക്കും. മരുഭൂമിയോട് ചേർന്ന തടാകങ്ങളിലും നദികളുടെ കരയിലുമാണിവയുടെ ഇഷ്ട സ്ഥലം. പ്രാണികൾ, ധാന്യങ്ങൾ, ചെടികൾ, ചെറു ജീവികൾ എന്നിവയാണ് പ്രധാന ആഹാരം. ജീവിത കാലംമുഴുവൻ ഇണകൾ പിരിയാറില്ല. ഇണചേരുന്നതിനു മുമ്പ് നൃത്തം ചെയ്യുന്നത് ഒരു പ്രത്യേകതയാണ്. ഒരു സീസണിൽ രണ്ട് മുട്ടയിടും. തറയിൽ ഇലകളും കമ്പുകളും ചേർത്ത് കൂടൊരുക്കും. ആൺപക്ഷിയും പെൺപക്ഷിയും മാറി മാറി അടയിരിക്കും. 27 – 29 ദിവസമാണ് മുട്ടവിരിയാൻ വേണ്ടത്. വിരിഞ്ഞിറങ്ങിയാൽ എട്ട് മാസം വരെ അമ്മയും അച്ഛനും കുഞ്ഞുങ്ങളെ നോക്കും. 6-8 വയസ്സാകുമ്പോഴേക്കും ബ്രീഡിങ്ങ് തുടങ്ങും. മനുഷ്യനുമായി നന്നായി ഇണങ്ങുന്ന ഇവയെ ആഫ്രിക്കയിൽ ഇണക്കി വളർത്താറുണ്ട്.