സിയാലിൽ 200 കോടിയുടെ ഐ.ടി.പദ്ധതിക്ക്‌ തുടക്കം

സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം – മുഖ്യമന്ത്രി

കൊച്ചി: ലാഭം സ്വകാര്യവത്ക്കരിക്കുകയല്ല സാമൂഹ്യവത്ക്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2023- 24 ൽ രാജ്യത്ത് 37.5 കോടി പേർ വിമാനയാത്രചെയ്തു. 2040 ആകുമ്പോൾ ഇന്ത്യയിൽ പ്രതിവർഷം 100 കോടി വിമാന യാത്രക്കാരുണ്ടാകുമെന്നാണ് അനുമാനം. ഇത്രയും വലിയ വളർച്ച ഉൾക്കൊള്ളത്തക്കവിധം നമ്മുടെ എല്ലാ വിമാനത്താവളങ്ങളും  സജ്ജമാകേണ്ടതുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി വിമാനത്താവളത്തിന്റെ കാര്യം എടുത്താൽ, പ്രതിദിനം 50,000 ത്തോളം അധികം യാത്രക്കാരുണ്ട്. ഒരു ലക്ഷത്തോളം പേർ ഓരോ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങൾക്കായി ഇവിടെ എത്തുന്നു. നാന്നൂറിലധികം സർക്കാർ  സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുന്നൂറോളം കമേഴ്സ്യൽ സ്ഥാപനങ്ങളും 12,000 ജീവനക്കാരും ഈ വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നു.

ഇത്രയും വിപുലവും സങ്കീർണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റൽ ആസ്തികളുടെ സുരക്ഷ ഏറെ        പ്രാധാന്യമുള്ള കാര്യമാണ്. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാൽ 2.0 യിൽ ഉൾകൊള്ളിച്ചിട്ടുള്ളത്. സൈബർ സ്പെയ്സിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശത്തോടെ 200 കോടി മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കിയത് – അദ്ദേഹം പറഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിൽ 45 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് നൽകി. നിരവധി പാലങ്ങളുടെ നിർമാണം ഏറ്റെടുത്തു. കാർഗോ കയറ്റിറക്ക് കരാർ തൊഴിലാളികൾക്കായി അടുത്തിടെ ആരംഭിച്ച സൊസൈറ്റിയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ  നടപ്പിലാക്കിവരുന്ന വയനാട് മാതൃകാ ടൗൺഷിപ്പ് നിർമാണത്തിലും സിയാൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്. ടൗൺഷിപ്പിലെ 400 വീടുകളിൽ സൗരോർജ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതി സിയാൽ സ്വന്തം നിലയ്ക്ക് നിർവഹിക്കുകയാണ്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി. പി രാജീവ് അധ്യക്ഷനായിരുന്നു. അൻവർ സാദത്ത് എം.എൽ.എ, റോജി എം.ജോൺ.എം.പി, ഹൈബി ഈഡൻ, എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സിയാൽ ഡയറക്ടർമാരായ എം.എ.യൂസഫലി, ഇ.കെ ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, ജനറൽ മാനേജർ, എ.ടി ആൻ്റ് കമ്യൂണിക്കേഷൻസ് സന്തോഷ്. എസ്. എന്നിവർ സംസാരിച്ചു.