വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിനെ കേരളം സ്വീകരിച്ചു
വിഴിഞ്ഞത്തിലൂടെ വരുന്നത് ഭാവനകൾക്കപ്പുറമുള്ള വികസനം- മുഖ്യമന്ത്രി
‘കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല ’
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ആദ്യമായെത്തിയ കപ്പലിന്
വാട്ടർ സല്യൂട്ട്. ചൈന തുറമുഖത്തുനിന്ന് എത്തിയ ചരക്കുകപ്പൽ ഷെൻ ഹുവ -15 നെ കേരളം സ്വീകരിച്ചു. തുറമുഖ ബെർത്തിലേക്കു മുഖ്യമന്ത്രി പിണറായി വിജയൻ കപ്പലിനെ സ്വാഗതം ചെയ്തു. വാട്ടർ സല്യൂട്ട് നൽകി ബെർത്തിലേക്ക് ആനയിച്ച കപ്പിലിനെ മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ജനപ്രതിനിധികൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബലൂണുകൾ പറത്തി സ്വീകരിച്ചു.
വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്ന വികസന സാധ്യതകളെക്കുറിച്ച് അല്പം ധാരണ മാത്രമേ നമുക്കുള്ളൂവെന്നതാണ് യാഥാർഥ്യമെന്നും ഭാവനകൾക്കപ്പുറമുള്ള വികസനമാണ് വരാൻ പോകുന്നതെന്നും കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ സംബന്ധിച്ച് അസാധ്യമെന്നൊരു വാക്ക് ഇല്ല എന്നതാണ് തെളിയുന്നതെന്ന് പറഞ്ഞാണ് ഉദ്ഘാടന പ്രസംഗം മുഖ്യമന്ത്രി ആരംഭിച്ചത്.
ഇതുപോലത്തെ എട്ടു കപ്പലുകൾകൂടി വരും ദിവസങ്ങളിൽ ഇവിടേക്ക് വരും. അഞ്ചോ ആറോ മാസംകൊണ്ട് പദ്ധതി പൂർണമായി കമ്മിഷൻ ചെയ്യാൻ കഴിയും. എത്ര വലിയ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ഒരുമയിലൂടെയും ഐക്യത്തിലൂടെയും കേരളം തെളിയിച്ചിട്ടുണ്ട്. അതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലുമുണ്ടായത്.
ഇതുപോലൊരു പോർട്ട് ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഈ തുറമുഖത്തിന്റെ ഭാഗമായുള്ളത്. ഇതിന്റെ ഭാഗമായി ഒരു ഔട്ടർ റിങ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. അതുവഴി ധാരാളം പുതിയ പദ്ധതികൾ വരുമെന്നാണ് കണക്കാക്കുന്നത്. അത്രമാത്രം വികസനക്കുതിപ്പിന് കരുത്തേകുന്ന ഒന്നായിരിക്കും ഈ തുറമുഖം – മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര കപ്പൽ ചാലിന്റെ 11 നോട്ടിക്കൽ മൈലിനുള്ളിൽ സ്ഥിതിചെയ്യുന്ന തുറമുഖമെന്ന പ്രത്യേകത, പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവിക ആഴം ഇവയെല്ലാം അപൂർവങ്ങളിൽ അപൂർവമാണ്. മുഖ്യ കപ്പൽച്ചാലിനോട് ഇത്രമാത്രം അടുത്തു നിൽക്കുന്ന മറ്റൊരു തുറമുഖവും രാജ്യത്തില്ല. 400 മീറ്റർ നീളമുള്ള അഞ്ചു ബെർത്തുകൾ, മൂന്നു കിലോമീറ്റർ നീളമുള്ള പുലിമുട്ട് തുടങ്ങിയവയെല്ലാം വിഴിഞ്ഞം പദ്ധതിയുടെ ഭാഗമാണ്. ആദ്യ ഘട്ടത്തിൽ 400 മീറ്റർ ബെർത്ത് പൂർത്തിയായി. അതിലേക്കാണ് ആദ്യ ലോഡ് കാര്യർ ഷിപ്പ് എത്തിയത്.
ആദ്യ ഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 10 ലക്ഷം ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ് കണ്ടെയ്നർ കൈകാര്യം ചെയ്യുന്ന തുറമുഖമായി ഇതു മാറും. തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ അനുബന്ധ വ്യവസായങ്ങൾക്ക് വലിയ സാധ്യതകളാണ് വരാനിരിക്കുന്നത്. അവയെല്ലാം പ്രയോജനപ്പെടുത്താൻ കഴിയണം. വാണിജ്യ വ്യവസായ രംഗങ്ങളിലെ സംരംഭകർ ഇക്കാര്യത്തിൽ നിറഞ്ഞ മനസോടെ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ പശ്ചാത്തല വികസനക്കുതിപ്പിലെ വിജയമുദ്രയാണ് വിഴിഞ്ഞം തുറമുഖമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. കടലിനെ സൃഷ്ടിപരമായും ഭാവനപരമായും ഉപയോഗിക്കുന്ന രാജ്യങ്ങൾ വലിയ വികസനക്കുതിപ്പു നേടിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കു നീക്കത്തിന്റെ കവാടമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി പ്രദേശത്തു നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ കെ. രാജൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, സജി ചെറിയാൻ, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശശി തരൂർ എം.പി, എം. വിൻസന്റ് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, എമിരറ്റസ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, കൗൺസിലർമാരായ ഓമനയമ്മ, പനിയടിമ, വിഴഞ്ഞം സീപോർട്ട് ലിമിറ്റഡ് എം.ഡി ഡോ. അദീല അബ്ദുള്ള, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ് ഝാ തുടങ്ങിയവർ പങ്കെടുത്തു.