വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
വാട്ടർ മെട്രോയിലെ യാത്ര വ്യത്യസ്ത അനുഭവമെന്ന് മുഖ്യമന്ത്രി
കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കായലിന്റെ ഭംഗി ആസ്വദിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ മിക്ക മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നത്. മന്ത്രിമാരായ പി.രാജീവ്, ആന്റണി രാജു എന്നിവർ മാത്രമാണ് മുമ്പ് യാത്ര ചെയ്തിട്ടുള്ളത്.
നവകേരള സദസ്സിന്റെ ഭാഗമായുള്ള നവകേരള യാത്ര എറണാകുളത്ത് നിന്ന് വൈപ്പിനിലേക്ക് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് തികച്ചും വ്യത്യസ്തമായ അനുഭവമായി. കൊച്ചി വാട്ടർ മെട്രോയ്ക്ക് ആശംസകൾ’- മുഖ്യമന്ത്രി സന്ദർശക ഡയറിയിൽ കുറിച്ചു.
വൈപ്പിൻ മണ്ഡലത്തിലെ നവകേരള സദസിൽ പങ്കെടുക്കുന്നതിനാണ് വാട്ടർ മെട്രോ ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ ടെർമിനലിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ നീല തൊപ്പിയണിഞ്ഞാണ് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും കൊച്ചിക്കായലിലൂടെ യാത്ര നടത്തിയത്.
കലൂർ ഐ.എം.എ ഹൗസിൽ നടന്ന പ്രഭാതയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങൾ കെ.എം.ആർ.എൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു. വാട്ടർ മെട്രോയുടെ മാതൃക മന്ത്രിസഭയ്ക്ക് സമ്മാനിച്ചാണ് സംഘത്തെ വൈപ്പിനിലേക്ക് യാത്രയാക്കിയത്.
സർവ്വീസ് ആരംഭിച്ച് ഏഴ് മാസത്തിനിടെ പന്ത്രണ്ടര ലക്ഷത്തിലധികം പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ 12 ബോട്ടുകളുമായി ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ, ഹൈക്കോർട്ട് ജംഗ്ഷൻ-ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് സർവ്വീസ് നടത്തുന്നത്. ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസ് ആണ് അടുത്തതായി ആരംഭിക്കുക.
ഇതിനായുള്ള സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ് ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോർത്ത്, വില്ലിംഗ്ടൺ ഐലൻഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെയും നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
കുറഞ്ഞ തുകയിൽ സുരക്ഷിത യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതീകരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളും ലോകത്തിലെ തന്നെ ആദ്യ വാട്ടർ മെട്രോ ആയ കൊച്ചി വാട്ടർ മെട്രോയിലുണ്ട്. ബോട്ട് യാത്രയ്ക്കുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി പ്രതിവാര, പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും.