അന്താരാഷ്ട്ര കയാക്കിങ് മത്സരത്തിന് തുടക്കമായി

എട്ടാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് തുടക്കമായി. കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ പുലിക്കയത്ത് ചാലിപ്പുഴയിലാണ് മത്സരം.

അന്താരാഷ്ട്ര-ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അറുപതിലേറെ കയാക്കര്‍മാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നൂറ് കണക്കിന് ആളുകളാണ് മത്സരം കാണാന്‍ ആദ്യദിനം എത്തിയത്. പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 

ലിൻ്റൊ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി പ്രസംഗിച്ചു.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയിന്റും ഇലന്തുകടവ് എന്റിങ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍

സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. ഓഗസ്റ്റ് 14 ന് മത്സരങ്ങള്‍ സമാപിക്കും.