കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വേനൽക്കാല സർവീസുകൾ. ശീതകാല സമയക്രമത്തിൽ 239 സർവ്വീസുകളാണ് നടത്തിയിരുന്നതെങ്കിൽ വേനൽക്കാല സമയക്രമത്തിൽ ഇത് 268 സർവീസുകളായി ഉയർന്നു. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വർദ്ധനവ് വേനൽക്കാല സമയക്രമത്തിൽ ഉണ്ട്. കഴിഞ്ഞ വേനൽക്കാല സമയക്രമത്തേക്കാളും 15% വർദ്ധനവ് ഈ വർഷം വേനൽക്കാല സമയക്രമത്തിൽ ഉണ്ടായിട്ടുണ്ട്. വേനൽക്കാല സമയക്രമത്തിൽ ആഭ്യന്തര സർവ്വീസുകളിൽ ആഴ്ചയിൽ 142 സർവ്വീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവ്വീസ് ഉണ്ടാകും. ഇതിൽ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉൾപ്പെടും. ബാംഗ്‌ളൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് ആഭ്യന്തര സർവീസ് നടത്തുന്നത്.
കൂടാതെ അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി, ഇൻഡോർ, ചാണ്ഡിഗഡ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്‌നൗ, മധുര, നാഗ്പൂർ, പാറ്റ്‌ന, പോർട്ട് ബ്‌ളെയർ, പുണെ, റായ്പൂർ, റാഞ്ചി, സൂററ്റ്, തിരുച്ചിറപ്പള്ളി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക് ഷൻ സർവീസുകൾ ഉണ്ട്. ഇൻഡിഗോ എയർലൈൻ ആണ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത്. ആഴ്ചയിൽ 114 സർവീസുകളാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബാംഗ്‌ളൂരിലേക്കും മുംബൈയിലേക്കും ഓരോ ഫ്‌ളൈറ്റുകൾ കൂടുതലായി ഇൻഡിഗോ എയർലൈൻസ് വേനൽക്കാല സമയക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആഴ്ചയിൽ ബാംഗ്‌ളൂരിലേക്കുളള 30 സർവീസ് 44 ആയി വർദ്ധിപ്പിക്കും. ഗോ ഫസ്റ്റും ഇൻഡിഗോ എയർലൈൻസും മുംബൈയിലേക്ക് ദിവസവും വിമാന സർവീസ് നടത്തുന്നതോടു കൂടി ആഴ്ചയിൽ മുംബൈയിലേക്കുളള 14 സർവീസ് 28 സർവ്വീസ് ആയി വർദ്ധിപ്പിക്കും.
ആഴ്ചയിൽ 126 അന്താരാഷ്ട്ര സർവീസുകളാണ് വേനൽക്കാല സമയക്രമത്തിൽ ആരംഭിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്‌ളൈറ്റുകൾ ഉണ്ട്. ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുകളും ഉണ്ട്. ആഴ്ചയിൽ 70 സർവീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് അന്താരാഷ്ട്ര സർവീസുകളിൽ ഏറ്റവും മുന്നിൽ.
എയർ ഇന്ത്യ എക്‌സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവീസ് എന്നുളളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എയർ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്‌ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്‌ലി സർവീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുളള സർവീസ് ദിവസേനയാക്കും.