കണ്ടശ്ശാംകടവ് ജലോത്സവം: ജവഹർ തായങ്കരി ജേതാക്കൾ
കാണികളെ ആവേശ തിരയിലാഴ്ത്തി അവർ വിജയകിരീടം ചൂടി. തൃശ്ശൂർ കണ്ടശ്ശാംകടവ് ജലോത്സവത്തിൽ ചുണ്ടൻ വള്ളം വിഭാഗത്തിൽ ജവഹർ തായങ്കരി ചുണ്ടൻ ഒന്നാം സ്ഥാനവും സെന്റ് ജോർജ് ചുണ്ടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എ ഗ്രേഡ് വിഭാഗത്തിൽ താണിയൻ വള്ളം ഒന്നാം സ്ഥാനവും സെന്റ് സെബാസ്റ്റ്യൻ നമ്പർ വൺ വള്ളം രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ജിബി തട്ടകൻ വള്ളം ഒന്നാം സ്ഥാനവും ഗോതുരുത്ത് വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കണ്ടശ്ശാoകടവ് ജലോത്സവം കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ ടൂറിസം മാപ്പിലേക്ക് കൊണ്ടുവരുമെന്ന് വള്ളംകളി ഉദ്ഘാടനം നിർവഹിച്ച് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. രാജ്യവ്യാപകമായി
ആഘോഷങ്ങളുടെ കലണ്ടറിലേക്ക് കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവറോളിംഗ് ട്രോഫിക്ക് ഇടം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
മണലൂർ, വാടാനപ്പള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജലോത്സവം സംഘടിപ്പിച്ചത്. വിവിധ സാംസ്കാരിക പരിപാടികളും നടന്നു. മണിക്കൂറുകൾ നീണ്ട ജലോത്സവ ആരവം ഭദ്രൻ വടക്കുംപുറത്തിന്റെ കമന്ററികളിലൂടെ ആസ്വാദക മനസുകൾ കീഴടക്കി. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു.
മുരളി പെരുനെല്ലി.എം.എൽ.എ അധ്യക്ഷനായി. എം.എൽ.എമാരായ സി.സി.മുകുന്ദൻ, ഇ.ടി. ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ, റൂറൽ സിറ്റി പോലീസ് കമ്മീഷണർ ഐശ്വര്യ ഡോങ്കറേ, തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത്ത് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.