കാഞ്ചൻജംഗയിലെ മഴവിൽ അഴകുള്ള പൂവൻ കോഴി
ഡോ. മനോജ് പി. സാമുവൽ
ഫ്ലൈറ്റ് ബാഗ്ഡോഗ്രയിൽ ഇറങ്ങാനായി വട്ടമിട്ടു പറന്നു തുടങ്ങി. അടുത്ത സീറ്റിൽ സത്പതി സാർ ചെറിയ മയക്കം കഴിഞ്ഞു കണ്ണ് തിരുമ്മി ഇരിക്കുന്നു. മുറുക്കാൻ കഴിയാത്തതിന്റെ അലോസരം മുഖത്ത് നന്നായുണ്ട്. ഡോ. സത്പതി ബി. ടെക്, എം. ടെക്, പി. എച്ച്. ഡി എന്നിവയൊക്ക ഖരഗ്പുർ ഐ ഐ ടി യിൽ നിന്നും കരസ്ഥമാക്കിയ ആളാണ്.വിദേശത്തു പോയി സ്ഥിര താമസമാക്കാനുള്ള അവസരങ്ങളൊക്കെ വേണ്ടെന്നു വെച്ച് അന്ന് ഏറ്റവും അവികസിതമായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ ഭാരതിയ കാർഷിക ഗവേഷണ കൗൺസിലിൽ ചേരുകയായിരുന്നു. വിജ്ഞാനത്തിന്റെ നിറകുടമാണെങ്കിലും അല്പം പോലും തലക്കനം ഇല്ലാതെ ഏറെ എളിമയോടും സ്നേഹത്തോടും കൂടി മാത്രം എല്ലാവരോടും ഇടപെടുന്നയാൾ. തികഞ്ഞ മതേതര വാദി, ലോകമേ തറവാട് എന്ന കാഴ്ചപ്പാട്. വയസ്സ് അറുപത് ആകാറായെങ്കിലും യാത്ര ചെയ്യാൻ ഏറെ ഇഷ്ടം. സാറിന്റെ കൂടെ ത്രിപുരയിലെയും ആരുണാചൽ പ്രദേശിലെയും വിദൂര ആദിവാസി ഊരുകളിൽ ചെന്ന് രാപാർത്തിട്ടുണ്ട്. എവിടെയും കിടക്കും, എന്തും കഴിക്കും. ഒരിക്കലും ആരോടും ദേഷ്യപ്പെട്ടു കണ്ടിട്ടേയില്ല. മിക്ക ബംഗാളികളെപ്പോലെയും എപ്പോഴും പാൻ ചവച്ചു കൊണ്ടേയിരിക്കും, അല്ലാത്തപ്പോൾ ലാൽ ചായ (നമ്മുടെ സുലൈമാനി തന്നെ ) ഭക്ഷിക്കുന്നുന്നുണ്ടാവും ( ബംഗാളിൽ വെള്ളം പോലും ഭക്ഷിക്കുകയാണ്, കുടിക്കുകയല്ല, ഖാബെ ).
രാജ്യത്തെ ഏറ്റം അവികസിതമായ ജില്ലകളിൽ കേന്ദ്ര ആസൂത്രണ കമ്മീഷൻ (ഇന്നത്തെ നിതി അയോഗ് ) നടത്തുന്ന
ജീവിതോപാതി മെച്ചപ്പെടുത്തൽ പരിപാടിയുടെ ഭാഗമായാണ് യാത്ര. സിക്കിംമിലെ ഉൾഭാഗത്ത് ഹിമാലയൻ താഴ്‌വരയിലെ ഒരു ഗ്രാമം ലക്ഷ്യമാക്കിയാണ് യാത്ര. സിക്കിമിൽ നേരിട്ടിറങ്ങാൻ വിമാനത്താവളം ഇല്ലാതിരുന്നത് കൊണ്ട് ബംഗാളിന്റെ അതിർത്തി നഗരമായ സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തിലെത്തി വേണം വീണ്ടും നാല് മണിക്കൂറിലധികം റോഡ് മാർഗം യാത്ര ചെയ്തു സിക്കിംമിന്റെ തലസ്ഥാനമായ ഗാങ്ടോകിൽ എത്താൻ. സിലിഗുരി നഗരത്തിൽ ബംഗാളികളും അസം വംശജരും അതിലേറെ നേപ്പാൾ പൈതൃകം ഉള്ള ഗൂർഖ വംശജരും ഇടത്തിങ്ങി പാർക്കുന്നു. ട്രെയിനിൽ വരികയാണെങ്കിൽ ന്യൂ ജെയ്പാൽഗുഡി സ്റ്റേഷനിൽ ആണ് ഇറങ്ങേണ്ടത്, വിമാനം എങ്കിൽ ബാഗ്ഡോഗ്രയും. ഡാർജിലിങ്ങിലേക്ക് പോകുന്നവർ ഇത് വഴിയാണ് പോകുന്നത്.
ബാഗ്ഡോഗ്ര വിമാനത്താവളം ചെറുതാണ്. പ്രധാനമായും ആർമി ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തി വന്നിരുന്നത്. സിവിലിയൻമാർക്കുള്ള വിമാനങ്ങളും ഇവിടെ എത്തുന്നു.
വിമാനത്താവളത്തിന് പുറത്ത് കടന്ന ഉടനെ സത്പതി സാർ അന്വേഷിച്ചത് മുറുക്കാൻ കടയാണ്. വെറ്റില കൂട്ടിപിടിച്ചു പാൻ വാതുറന്ന് ആകത്തെക്കിട്ട് ചവച്ചു തുടങ്ങിയതോടെ അദ്ദേഹത്തിന് പ്രസരിപ്പും ഉത്സാഹവും കൂടിയ പോലെ. ഒരു ടാക്സിക്കാരനുമായി നിരക്ക് ഉറപ്പിച്ചു ഗാങ്ടോകിലേക്ക് യാത്ര തുടങ്ങി. ചുറ്റും മഞ്ഞണിഞ്ഞ ഭീമൻ കുന്നുകൾ. ബ്ലാങ്കെറ്റിലെ തുറന്ന് കിടന്ന കുടുക്കുകൾ എല്ലാം ഇട്ടു. തണുപ്പ് കൂടി വരുന്നു. സമയം വൈകിട്ട് മൂന്ന് കഴിയുന്നതേയുള്ളു, പക്ഷേ ആറ് മണിയുടെ പ്രതീതി. പുറത്തേക്ക് നോക്കിയിരിക്കാൻ നല്ല രസമാണ്. കുന്നുകൾക്കിടയിലെ നീല താഴ് വരകൾ, ശോണമയമായ ദേവദാരു കാടുകൾ. നെടുപിരിയൻ വളവുകളുള്ള ഈ റോഡുകളിലൂടെയുള്ള യാത്ര ഏറെ അപകട സാധ്യത ഉള്ളതാണ്. പക്ഷേ താഴ് വാരങ്ങളിലെ പോലെ അല്ല, ട്രാഫിക് നിയമങ്ങൾ പാലിച്ചു ക്ഷമയോടെ വണ്ടി
ഓടിക്കുന്നതിൽ ഇവിടുത്തെ ഡ്രൈവർമാർ ശ്രദ്ധലുക്കളാണ്. ഒരു പക്ഷേ താഴ് വാരങ്ങളിലേക്കെത്തുമ്പോൾ ഇവർ തന്നെ അക്ഷമയോടെ സ്വന്തം ട്രാഫിക് നിയമങ്ങളുമായി വന്നേക്കുമായിരിക്കും. വിക്രമാദിത്യന്റെ സിംഹാസനത്തിന് മുകളിൽ ഇരിക്കുമ്പോൾ കവല ചട്ടമ്പിയും രാജനീതിയെ കുറിച്ച് ബോധവാനാകുന്ന പോലെ.
ഇന്ന് രാത്രി ഗാങ്ടോകിൽ തങ്ങി അടുത്ത ദിവസം പുലർച്ചെ അവിടെ നിന്നും ഏകദേശം ആറ് മണിക്കൂർ യാത്രയുള്ള കാഞ്ചൻജംഗ മേഖലയിലേക്ക് പോകാനാണ് പദ്ധതി. നല്ല വൃത്തിയുള്ള പട്ടണമാണ് ഗാങ്ടോക്. നമ്മുടെ മിഠായി തെരുവ് പോലെയുള്ള ഒരു ഷോപ്പിംഗ് ഏരിയ ആണ് പ്രധാന ആകർഷണം. കല്ല് പതിച്ചു മനോഹരമാക്കിയ വീഥികളിൽ ഒരു കടലാസ് കഷ്ണം പോലും കാണാൻ കഴിഞ്ഞില്ല. മുൻപേ നടക്കുന്ന കുടുംബത്തിലെ കൊച്ചു പെൺകുട്ടി ഒരു ലോലിപോപ് കൈയിൽ പിടിച്ചിരുന്നത് ശ്രദ്ധിച്ചിരുന്നു. കുട്ടി മുട്ടായി കടലാസ് അലക്ഷ്യമായി തറയിലിട്ടപ്പോൾ മാതാപിതാക്കൾ ശ്രദ്ധിച്ചതേയില്ല. പെട്ടന്നു അടുത്ത കടയിലെ ഗൂർഖാ മുഖമുള്ള സുന്ദരനായ ചെറുപ്പക്കാരൻ ഓടി വന്നു അതെടുത്തു അടുത്തുള്ള മാലിന്യ പെട്ടിയിലെക്കെടുത്തിട്ടു, നിറഞ്ഞ ചിരിയോടെ കുട്ടിയുടെ കവിളിൽ ഒന്ന് തലോടിയശേഷം കടക്കുള്ളിലേക്ക് അപ്രത്യക്ഷനായി.
കാഞ്ചൻജംഗയിലേക്ക് അതിരാവിലെ തന്നെ യാത്ര തിരിച്ചു. ശൈത്യ കാലം വന്നെത്താൻ ഇനിയും ദിവസങ്ങൾ ഉണ്ടെങ്കിലും രാവിലത്തെ തണുപ്പ് അൺസഹിക്കബിൾ ! സത്പതി സർ നല്ലൊരു കളർഫുൾ ജാക്കറ്റ് ആണ് ഇട്ടിരിക്കുന്നത്. മുറുക്കൽ കലാപരിപാടി ആരംഭിക്കാനുള്ള വട്ടം കൂട്ടിത്തുടങ്ങി. നേരം നേരത്തെ വെളുക്കും, കിഴക്കൻ മേഖലകളിൽ. അഞ്ചു മണി കഴിഞ്ഞപ്പോഴേ വെളിച്ചമായി തുടങ്ങി. ജന സാന്ദ്രത കുറവാണ്, ഇടക്കിടക്കേ തകരം മേഞ്ഞ വീടുകൾ കാണാനുള്ളു. രാവിലത്തെ തണുപ്പിൽ ചായ കുടിക്കാൻ തോന്നി, സാറിനും താല്പര്യം. കുറെ യാത്ര ചെയ്ത് കഴിഞ്ഞാണ് ഒരു ചെറു ചായക്കട കണ്ടത്. ഡ്രൈവർ ഒരു നേപ്പാളിയാണ്. എന്റെ മലയാളി ഹിന്ദിക്ക് ബദൽ പോലെ നേപ്പാളി ഹിന്ദി പറയും. സത്പതി സാർ ബംഗാളി ഹിന്ദി നല്ല ഉച്ചാരണത്തോടെ പറഞ്ഞു ഞങ്ങളെ ഹിന്ദി തല്ലിപ്പൊളി ഹിന്ദിയാണെന്ന് ഇടക്കിടക്ക് ബോധ്യപ്പെടുത്തും.
ഇഞ്ചി ഇട്ട നല്ല ചായ. ഇങ്ങോട്ടേക്കു യാത്ര ചെയ്യും മുമ്പ് ഒരു സഹപ്രവർത്തകൻ എന്നെയും സാറിനെയും ഉപദേശിച്ചു. “അവിടുന്ന് പുറത്തുനിന്നും ഒന്നും കഴിച്ചേക്കരുത്. അവർ നിങ്ങളെ മയക്കാനുള്ള ചില കൂടോത്രം ചെയ്ത വസ്തുക്കൾ ചേർത്തായിരിക്കും ചായയും ഭക്ഷണവും ഒക്കെ തരിക. അത് കഴിച്ചാൽ പിന്നെ നിങ്ങൾക്കൊരിക്കലും അവിടം വിട്ടു വരാനാകില്ല. അവിടെ തന്നെയുള്ള ഏതെങ്കിലും പെണ്ണുങ്ങളെ കല്യാണംകഴിച്ചു അവിടെ തന്നെ കൂടേണ്ടി വരും”. അത് കേട്ട് സത്പതി സാർ പൊട്ടിച്ചിരിച്ചു. ഞാനും കൂടെ ചിരിച്ചു. എങ്കിലും ചായ ഊതി കുടിക്കുമ്പോൾ ഞാൻ സത്പതി സാറിനെ ഇടം കണ്ണിട്ടു നോക്കി. പിന്നെ നല്ല പെൺകുട്ടികൾ ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോയെന്നും, ഇനിയിപ്പോ കൂടോത്രം എങ്ങാനും ഫലിച്ചെങ്കിലോ!
വഴിയോരത്തെ പുതു മഞ്ഞും ധവള ശോഭയാർന്ന മലനിരകളും പാറക്കൂട്ടങ്ങളും രാത്രിയിലെ വെള്ളയുടുപ്പ് മാറ്റി പച്ച ഉടുപ്പ് ഇടാൻ വെമ്പുന്ന മരങ്ങളും യൂണിഫോമിന് മേലെ ജാക്കറ്റിട്ട് കൂട്ടമായി സ്കൂളിലേക്ക് പോകുന്ന പെൺകുട്ടികളും ഒക്കെയായി എവിടെയും മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ചകൾ. എന്നാലും കുറേക്കഴിഞ്ഞപ്പോൾ ബോറടിച്ചു.
കാഞ്ചൻ ജംഗ താഴ്‌വാരത്തെ അതിമനോഹരമായ ഒരു ഗ്രാമത്തിലേക്കാണ് ആറ് മണിക്കൂർ നീണ്ട യാത്രക്ക് ശേഷം ഞങ്ങൾ എത്തി ചേർന്നത്. ബുദ്ധ മതത്തിൽ വിശ്വസിക്കുന്നവരാണ് ഏറെയും എന്ന് തോന്നുന്നു. വഴിയിലൊക്കെ പല മനോഹരമായ ബുദ്ധ മോനാസ്ട്രികൾ കണ്ടു. ഈ ഗ്രാമത്തിലുമുണ്ട് അതി മനോഹരമായ ഒരു മോനാസ്ട്രി കെട്ടിടം. എന്നെ ഏറെ ആകർഷിച്ചിട്ടുള്ള ജീവിത രീതിയാണ് ബുദ്ധിസം. മോനാസ്ട്രി കെട്ടിടം പോലെ ഗ്രാമം മൊത്തമായി വർണകാഴ്ചകൾ നിറഞ്ഞതാണ്. ചെടികളും പൂക്കളും നിറത്തിൽ ചാലിച്ചു നിൽക്കുന്നു. ചുവന്ന റോസാപ്പൂ എങ്കിൽ നാം ഇത് വരെ കണ്ടതിൽ ഏറ്റം നല്ല ചുവപ്പ്. വെള്ള ലീല്ലിപ്പൂ മഞ്ഞു കട്ടയെ വെല്ലുന്ന വെള്ള നിറത്തിൽ. ഒപ്പം പല നിറങ്ങൾ നിറഞ്ഞാടുന്ന നീളൻ കുപ്പായങ്ങളും തൊപ്പികളും ധരിച്ചു കുറെ സുന്ദരന്മാരും സുന്ദരികളും.
ഗ്രാമ മുഖ്യന്റെ വീടിന്റെ ഔട്ട് ഹൗസ് പോലെ തോന്നുന്ന ഒരു മുറിയിലാണ് ഞാനും സാറും താമസിച്ചത്. വീട്ടിനു ചുറ്റും നല്ല ഒരു പൂന്തോട്ടമുണ്ട്. പല നിറങ്ങളുടെ സമന്വയം. വീടിനോട് ചേർന്ന് ഒരു ചെറു തൊഴുത്ത്. വലിയൊരു പശുവിനെ കണ്ടു, നല്ല ഒരു സുന്ദരി പശു. ഏറ്റവും അത്ഭുതമായത് കോഴികളെ കണ്ടപ്പോഴാണ്. ഏറെയും മുട്ടൻ പിടക്കോഴികൾ. കൂടെ ഒരു അതി സുന്ദരൻ പൂവൻ കോഴി. നല്ല വലിപ്പവും മാരിവില്ലിന്റെ നിറവും ചേർന്ന് തലയെടുപ്പുള്ള പക്ഷി രാജൻ. മഴവിൽ അഴകുള്ള കോഴി, സുന്ദരൻ കോഴി! അവൻ തന്റെ പിടകളെയും മേയിച്ചു രാജാവായി വിതാനിക്കുന്നു. ഇത് പോലുള്ള ഒരു കോഴിശ്രേഷ്ഠനെ ജീവിതത്തിൽ ഇനി ഒരിക്കലും കാണാനാവില്ല എന്നതുറപ്പ്. അഴകും ആരോഗ്യവും ചേർന്ന അതുല്യൻ. കോഴി ആണെങ്കിലും ഒരു ബഹുമാനമൊക്കെ തോന്നിപ്പോയി. നല്ല സ്നേഹമുള്ള നാട്ടുകാർ. സന്തോഷം നിറഞ്ഞ കുടുംബം. അവർക്കു ഞങ്ങൾ വന്നത് ഉത്സവം തന്നെ ആയിരുന്നു. രാത്രി പച്ചിലകൾ നിറഞ്ഞ കറികൂട്ടി റൊട്ടി കഴിച്ചപ്പോൾ ഇത് പോലെ രുചിയായി ഭക്ഷണം കഴിച്ചിട്ട് ഏറെ നാളായി എന്നോർത്തു.
അടുത്ത ദിവസം നല്ല തിരക്കായിരുന്നു. സ്ത്രീകൾക്ക് പ്രാമുഖ്യം കൊടുത്തു ചെറു ഗ്രൂപ്പുകൾ ഉണ്ടാക്കി നൂതന കൃഷി രീതികളിലൂടെയും അനുബന്ധ സൂക്ഷ്മ -ചെറുകിട വ്യവസായങ്ങളിലൂടെയും അവരുടെ വരുമാനവും ജീവിതനിലവാരവും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. കോളി ഫ്ലവർ, ബ്രോക്കോളി, സ്ട്രോബെറി, ഇഞ്ചി തുടങ്ങിയവക്ക് പുറമെ ഏലവും ഇവിടെ കൃഷി ചെയ്യുന്നു. ഇവിടുത്തെ ഏലക്ക നമ്മുടെ നാട്ടിലെ
പോലെ ചെറുതല്ല. ഒരു ഗോലിയോളം വലിപ്പമുള്ള ലാർജ് കാർഡമം. അറിയാവുന്ന മുറി ഹിന്ദിയിലും (അവരിൽ മിക്കവർക്കും ഹിന്ദി അറിയില്ല എന്നത് വേറെ ) ആംഗ്യ ഭാഷയിലും മറ്റും അവരെ കാര്യങ്ങൾ ധരിപ്പിച്ചു. എന്തായാലും വൈകിട്ടത്തേക്ക് പത്തോളം ഗ്രൂപ്പുകൾ രൂപീകരിച്ചു, പരിശീലന പരിപാടികളുടെ തീയതിയും തീരുമാനിച്ചു. എവിടൊക്കെ മാതൃക തോട്ടങ്ങൾ വേണമെന്നതും ഉറപ്പിച്ചു. പുത്തൻവിത്തുകളും പണിയായുധങ്ങളും ഉൾപ്പെടെ കുറെ ആനുകൂല്യങ്ങളും സാമ്പത്തിക സഹായവുമുണ്ട് ആദ്യ ഘട്ടത്തിൽ.
ഗ്രാമ മുഖ്യൻ രാവിലെ തന്നെ പറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് നിങ്ങൾ വന്നത് പ്രമാണിച്ച് ഞങ്ങളുടെ ആഘോഷമാണ്. നിങ്ങൾ ഇരുവരും നിർബന്ധമായും പങ്കെടുക്കണം. തിരികെ ഔട്ട് ഹൗസിൽ എത്തിയപ്പോൾ വൈകിട്ടായി. ഇവിടെ നേരത്തെ നേരം വെളുക്കുന്നത് പോലെ പെട്ടെന്നിരുട്ടുകയും ചെയ്യും. രാത്രിയിൽ ഗ്രാമം എല്ലാം മുഖ്യന്റെ വീട്ടിൽ ഒത്തു ചേർന്ന പോലെ തോന്നി. ഭാഷ അറിയില്ലെങ്കിലും ഗ്രാമീണ താളം നിറഞ്ഞ പാട്ടുകൾ, അവിശ്വനീയമായ ആയോധാന കലകൾ, സംഘതാളത്തിന്റെ നൃത്ത ചുവടുകൾ.
അവസാനം കെങ്കേമമായ രാത്രി ഭക്ഷണം. വിവിധ വിഭവങ്ങൾ നിരത്തിയിരിക്കുന്നു. അവരുടെ തോട്ടത്തിലെ ഏറ്റവും മെച്ചപ്പെട്ടവയൊക്കെ കൊണ്ടാണത്രെ വിഭവങ്ങൾ തയ്യാറാക്കുന്നത്. അതിഥികളെ അവർ എത്രത്തോളം പരിഗണിക്കുന്നു എന്നതനുസരിച്ചു കൂടുതൽ പ്രിയപ്പെട്ട വസ്തുക്കൾ ഭക്ഷ്യ വിഭവങ്ങളായി തീൻ മേശയിലെക്കെത്തും. സസ്യാഹാരം മാത്രമല്ല, നോൺ വെജ് വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. ബുദ്ധമതക്കാർ സസ്യഹാരം മാത്രമല്ല കഴിക്കുക എന്നത് പുതിയ അറിവായിരുന്നു. ബുദ്ധമതത്തിൽ പെട്ട ചില പ്രത്യേക വിഭാഗങ്ങളേ നോൺ വെജിറ്ററിയൻ ഭക്ഷണം കഴിക്കൂ. പ്രത്യേകിച്ചും തണുപ്പുള്ള പർവത മേഖകളിൽ ഉള്ളവർ. സത്പതി സർ സംശയനിവൃത്തി വരുത്തി. അന്നത്തെ ഏറ്റവും മുഖ്യ വിഭവം നേപ്പാളി കൂട്ടുകൾ ഇട്ടു തയ്യാറിക്കിയ പല നിറങ്ങളിൽ തിളങ്ങുന്ന സെപ്ഷ്യൽ ചിക്കൻ കറി ആയിരുന്നു. സത്പതി സർ വീണ്ടും വീണ്ടും അതെടുത്ത് ആസ്വദിച്ചു കഴിക്കുന്നത് കണ്ടു. എന്തോ എനിക്കാ മഴവിൽ വർണങ്ങളുള്ള കോഴിക്കറി രുചിച്ചു നോക്കാനേ തോന്നിയില്ല
ചിത്രങ്ങള്‍: ഷൈജു അഴീക്കോട്