കമ്പം ഊരിലെ ശിവനാണ്ടിയുടെ എ-ടെക്

ഡോ. മനോജ്‌ പി. സാമുവൽ

1994 ലെ മാർച്ച്‌ – ഏപ്രിൽ മാസക്കാലം. തമിഴ് നാട്ടിലെ കമ്പം മേഖലയിലാണ് ജോലി. കാർഷിക എഞ്ചിനീറിങ്ങിൽ ബി- ടെക് കഴിഞ്ഞ്‌ ഇനി എന്ത് എന്ന് കരുതി ഇരിക്കുമ്പഴാണ് മദ്രാസ് ആസ്ഥാനമായ  പസുമൈ ഇറിഗഷൻ കമ്പനിയിൽ സെയിൽസ് എഞ്ചിനീയറായി ജോലി ലഭിച്ചത്. കോറമണ്ടൽ ഇന്ടാഗ് എന്ന രാസ വള -കീടനാശിനി കമ്പനിയുടെ ഭാഗമാണ്. സൂക്ഷ്മ ജലസേചനമാണ് വിഷയം. പ്രധാനമായും തുള്ളിനന അതായത് ഡ്രിപ് ഇറിഗഷൻ. ചെടികൾക്ക് ആവശ്യമായ അളവിലുള്ള ജലം ചെറു പൈപ്പുകളിലൂടെയും കുഞ്ഞൻ സുഷിരങ്ങളുള്ള എമിറ്ററുകളിലൂടെയും മറ്റും സൂക്ഷ്മവും കൃത്യവുമായ അളവിൽ അതിന്റെ വേര് പടലത്തിൽ നേരിട്ടത്തിക്കുകയാണ് ചെയ്യുന്നത്. പരമ്പരാഗത വെള്ളമടിയെക്കാൾ 70 ശതമാനത്തോളം ജലം ലഭിക്കാമെന്നാണ് കണക്ക്. കഥയിലേക്ക് തിരിച്ചു

വരാം. കുമളിയിലാണ് ക്യാമ്പ്. ആഴ്ചയിൽ മൂന്ന് ദിവസം കമ്പം, തേനി, ബോഡി ഒക്കെ ഉൾപ്പെടുന്ന ഫല വൃക്ഷ കൃഷി ഏറെയുള്ള പ്രദേശത്താണ് കറക്കം. അന്ന് ഡ്രിപ് ഇറിഗേഷനൊക്കെ കർഷകർ അറിഞ്ഞു വരുന്നേയുള്ളൂ. അതേ സമയം ഏറെ ജലക്ഷാമമുള്ള പ്രദേശവുമാണ്.

കുമളിയിൽ നിന്ന് ചുരം ഇറങ്ങി വരുമ്പോൾ കാണാം അങ്ങ് ദൂരെ കമ്പത്തെ ഇമ്പമുള്ള കാഴ്ച്ചകൾ. നിരയോപ്പിച്ചു നട്ട മാതളവും സപ്പോട്ടയും മാവുകളും. ഭംഗിയുള്ള ശാസ്ത്രീയ രീതിയിലുള്ള കൃഷി. പക്ഷേ പശ്ചിമ ഘട്ടത്തിന്റെ മഴനിഴൽ പ്രദേശങ്ങളിൽപ്പെടുന്ന ഇവിടെ മഴ കുറവാണ്. പെരിയാർ ലോവർ ക്യാമ്പിലെ ജലമാണ് കനാലുകളിലൂടെ തുറന്ന് വിടുന്നത്. ആണ്ടിപെട്ടി, ഉസലാംപെട്ടി  തുടങ്ങിയ തേനി ജില്ലയിലെ കൃഷിയിടങ്ങളിലേക്കെല്ലാം വെള്ളം എത്തിക്കുന്നത് ഇത് വഴിയാണ്. വൈഗ അണക്കെട്ടു വഴിയായും തേനിയിലും സമീപ ജില്ലകളിലും ജലം എത്തിക്കുന്നുണ്ട്.

കമ്പത്തെ പ്രധാന കൃഷിക്കാരെയൊക്കെ കണ്ടു കണിക ജലസേചനത്തെ കുറിച്ചു പറഞ്ഞു ബോധവത്കരിച്ചു അവരിൽ അതിൽ താത്പര്യം ജനിപ്പിച്ച് മെല്ലെ മെല്ലെ അവരുടെ വിശ്വാസം പിടിച്ചു പറ്റി നമ്മുടെ കമ്പനിയുടെ ഡ്രിപ് സിസ്റ്റം എടുപ്പിക്കുക എന്നതാണ് എല്ലാ മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെയും പോലെ എന്നിൽ നിക്ഷിപ്തമായിരിക്കുന്ന കടമ. ഐഡാസ് (AIDAS) പ്രിൻസിപിൾ അനുസരിച്ചു ഘട്ടം ഘട്ടമായി ശാസ്ത്രീയമായ സൈക്കോളജിക്കൽ മൂവ് ആണ് നടത്താറ്. അറ്റെൻഷൻ (ശ്രദ്ധ ), ഇന്റെറസ്റ്റ്‌ ( താത്പര്യം ), ഡിസൈർ ( ആഗ്രഹം ), ആക്ഷൻ (പ്രവർത്തി, കാശിറക്കി നമ്മുടെ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുക എന്നു സാരം )

ഓർഡർ കിട്ടിയതിനു ശേഷം സ്ഥലം അളന്നു പ്ലാൻ തയ്യാറാക്കി കണിക ജലസേചന സമ്പ്രദായം രൂപകല്പന ചെയ്യണം.

പൈപ്പുകളും ജലം തുള്ളി തുള്ളിയായി വമിപ്പിക്കുന്ന എമിറ്ററുകളും മറ്റും കൃത്യമായും ചെലവ് കുറഞ്ഞ രീതിയിലും ക്രമീകരിച് ഒപ്പം നിശ്ചിത അളവിൽ വേണ്ട മർദ്ദത്തിൽ വെള്ളം ഒഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തി വേണം കൃഷി സ്ഥലത്തെ സൂക്ഷ്മ ജലസേചന സിസ്റ്റം ഡിസൈൻ ചെയ്യേണ്ടത്. ലഭ്യമായ പമ്പ് സെറ്റിന്റെ ഹെഡ്, ഓവർ ഹെഡ് ടാങ്ക് എങ്കിൽ അതിന്റെ ഉയരം എല്ലാം കണക്കിലെടുത്തുകൊണ്ടാവണം ഇത് ചെയ്യാൻ. നമുക്കറിയാവുന്നത് പോലെ എത്ര അളവിൽ എത്ര ഉയരത്തിലേക്ക് വെള്ളം എത്തിക്കണം എന്നത് അടിസ്ഥാനമാക്കിയാണല്ലോ എത്ര കുതിര ശക്തിയുള്ള പമ്പ് വേണമെന്ന് നാം തീരുമാനിക്കുന്നത്.

കട്ട തമിഴിൽ വേണം ഇവിടുത്തെ വ്യവസായികളോട് (തമിഴിൽ വ്യവസായം എന്നാൽ കൃഷി താനെ ) സംസാരിക്കാൻ. നാൻ ഒരു തടവ് സൊന്നാൽ നൂറു തടവ് സൊന്ന മാതിരി സ്റ്റൈലൊന്നും നടക്കില്ല. നൂറു തവണ എന്റെ തമിഴ് കേട്ടാലേ ഒരു തവണയെങ്കിലും അവർക്ക് മനസ്സിലാകുകയുള്ളു എന്നതാണ് സത്യം. അതൊകൊണ്ടായിരിക്കണം കമ്പനി ഒരു ലോക്കൽ തമിഴ് ട്രാൻസ്ലേറ്ററെ തന്നിട്ടുണ്ട്.
എന്റെ സഹായിയുടെ പേര് ശിവനാണ്ടി. പ്രൈമറി സ്കൂൾ വരെ പഠിച്ചിട്ടുണ്ട്. നല്ല എണ്ണ കറുപ്പും സെന്തമിഴ് മൊഴിയും ഇദയത്തിൽ അൻപുമായി ഒരു ശുദ്ധതമിഴൻ. ഏറെ സ്നേഹമുള്ള ജോലിയോട് ആത്മാർത്ഥതയുള്ള വ്യക്തി. ഞാൻ കുമളിയിൽ നിന്നും വരുന്ന ദിവസം തന്റെ എം എയ്റ്റിയിൽ നിറയെ പെട്രോൾ (അതോ മണ്ണെണ്ണയോ ) ഒഴിച്ച് കമ്പം ബസ്സ്റ്റാൻഡിൽ കാത്തുനിൽക്കും. വിയർപ്പിക്കുന്ന വെയിലിലും. ശിവനാണ്ടിയുടെ സ്കൂട്ടറിന്റെ പുറകിലിരുന്നു കാതങ്ങൾ താണ്ടിയാലും ക്ഷീണം അറിയില്ല. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ‘മിഴിയോരം’

ഈണത്തിൽ പാടും, ഒന്ന് രണ്ട് വരിയേ അറിയുമെങ്കിലും. തമിഴ് പാട്ടുകൾ ഒട്ടുമിക്കതും അറിയാം. ചിലപ്പോൾ മലയാളം വാക്കുകളുടെ തമിഴ് അർഥങ്ങൾ പറഞ്ഞു വ്യത്യാസം മനസ്സിലാക്കി തരും. പനി എന്ന് നിങ്ങൾ പറഞ്ഞാൽ ഫിവർ, ഞങ്ങൾ പറഞ്ഞാൽ മഞ്ഞ്, ശിവനാണ്ടി ചിരിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം എന്നെ ശാപ്പാടിന് വിളിച്ചു. ഉച്ചക്കാണ് ശിവനാണ്ടിയുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയത്. ഗ്രാമം മുഴുവൻ കാത്തിരിക്കുന്ന പോലെ തോന്നി, രാജകീയ സ്വീകരണം. ഒറ്റ മുറി വീട്. ഒരു കുഞ്ഞു മോൾ ഉണ്ട്, പേര് തമിഴരസി. പഴകി നരച്ച ദാവണിയും ധരിച്ചാണിരിക്കുന്നതങ്കിലും ഒരു കൊച്ചു രാജകുമാരി തന്നെ. പച്ചരി ചോറും സാമ്പാറും രസവും ഒക്കെയായി രുചിയുള്ള ഊണ് തയ്യാറാക്കി ശിവനാണ്ടിയുടെ പൊണ്ടാട്ടി. സ്നേഹത്തിന്റെ ഉപ്പും എരിവും കലർന്ന രുചി.
ഊണിനു ശേഷം പാക്കും വെറ്റിലയും മുറുക്കാൻ. ശീലമില്ലെങ്കിലും എടുത്തു. യാത്ര പറഞ്ഞു പോകാറായപ്പോൾ ശിവനാണ്ടി പരുങ്ങിക്കൊണ്ട് പറഞ്ഞു. ഞാൻ സാറിനോട് ഒരു കാര്യം ചോദിക്കെട്ടെ. കുറെ കാലമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. ഇനിയിപ്പോ വല്ല കടവും ചോദിക്കാനാണോ ആവോ? എന്തെങ്കിലും ആകട്ടെ, പാവമല്ലേ എന്റെ കൈയിൽ അന്ന് നൂറു രൂപ ഉണ്ടായിരുന്നു, അത്‌ കൊടുത്തേക്കാമെന്ന് വിചാരിച്ചു. അന്ന് ആകെ ശമ്പളം 2000 രൂപയാണ്. മാസാവസാനം മദ്രാസിൽ നിന്നും ചെക്ക് ആയി വരും. ബാച്‌ലർ ലൈഫിന് അത് തന്നെ ധാരാളം. മറുപടി പറഞ്ഞു “ചോദിച്ചോളൂ ശിവനാണ്ടി, എന്തായാലും”.
ശിവനാണ്ടി സംശയത്തോടെ ചോദിച്ചു തുടങ്ങി. “സാറിത്ര മിടുക്കനായിട്ടും എന്താ എ -ടെക് നു പോകാതെ ബി -ടെകിനു പോയത് ?” ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്പം ശങ്കിച്ചതിനു ശേഷം
ശിവനാണ്ടിയും കൂടെ ചിരിക്കാൻ തുടങ്ങി…

ചിത്രങ്ങൾ: ഷൈജു അഴീക്കോട്

One thought on “കമ്പം ഊരിലെ ശിവനാണ്ടിയുടെ എ-ടെക്

Leave a Reply

Your email address will not be published. Required fields are marked *