സൈക്കിളില്‍ ഭാരത പര്യടനം: ആശ മാളവ്യ തിരുവനന്തപുരത്ത്

സൈക്കിളിൽ ഭാരത പര്യടനം നടത്തുന്ന ദേശീയ കായിക താരം തലസ്ഥാനത്തെത്തി. സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരതപര്യടനം നടത്തുന്ന ആശാ മാളവ്യയാണ് തിരുവനന്തപുരത്ത് എത്തിയത്. തനിച്ച് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. പര്‍വ്വതാരോഹക കൂടിയായ ആശ സൈക്കിളില്‍ 20,000 കി.മീറ്റര്‍ ആണ് ലക്ഷ്യമിടുന്നത്.

തിരുവനന്തപുരത്ത് എത്തിയ ആശ ഗതാഗത മന്ത്രി ആന്റണി രാജു ഉള്‍പ്പെടെ പ്രമുഖരെ സന്ദര്‍ശിച്ചു. യാത്ര കണ്ണൂരിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കോഴിക്കോട് വെച്ച് ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാനെയും നേരില്‍ കണ്ടിരുന്നു. തിരുവനന്തപുരം

കളക്ടറേറ്റിലെത്തിയ ആശയെ ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം അനില്‍ ജോസ്, ഹുസൂര്‍ ശിരസ്തദാര്‍ എസ്. രാജശേഖരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നവംബര്‍ ഒന്നിന് ഭോപ്പാലില്‍ നിന്ന് പുറപ്പെട്ട് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ഇവര്‍ കേരളത്തിലെത്തിയത്. തമിഴ്‌നാട്, കര്‍ണ്ണാടക, ഒഡിഷ വഴി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ജമ്മുകശ്മീരും പിന്നിട്ട് ദില്ലയില്‍ അടുത്ത വര്‍ഷം ഓഗസ്‌റ്റോടെയാണ് യാത്ര പൂര്‍ത്തിയാക്കുക.

മധ്യപ്രദേശിലെ രാജ്ഘഡ്‌ ജില്ലയിലെ നടാറാം ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആശ ദേശീയ കായിക മത്സരങ്ങളില്‍ അത്‌ലറ്റിക്‌സില്‍ മൂന്നുതവണ നേട്ടം കൈവരിച്ചിട്ടുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്നും മികച്ച സ്വീകരണമാണിവിടെ ലഭിച്ചതെന്നും ആശ പറഞ്ഞു.