വെള്ളവും തീറ്റയും നൽകി; വീട്ടുപറമ്പ് ‘പക്ഷി സങ്കേതമായി’

ഡോ. പി.വി മോഹനന്‍

ഒരു പ്ലാറ്റ് ഫോമിൽ ചെറിയ പാത്രത്തിൽ വെച്ച വെള്ളവും അരികെ കുറച്ചു റോബസ്റ്റ പഴങ്ങളും. മരക്കൊമ്പിൽ തൂക്കിയിട്ട പേരക്കയും താഴെ പാറയ്ക്കിടയിൽ കെട്ടി നിർത്തിയ വെള്ളവും. ഒരാഴ്ച കഴിഞ്ഞതോടെ വീട്ടുപറമ്പ് ഒരു മിനി പക്ഷി സങ്കേതമായി മാറി.

പരിസ്ഥിതി പ്രവർത്തകനും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ ഡോ. പി.വി.മോഹനൻ്റെ ശ്രീകണ്ഠാപുരം ചേപ്പറമ്പിലെ വീട്ടുപറമ്പാണ് ഇപ്പോൾ പക്ഷി പ്രേമികളുടെ ആകർഷണ കേന്ദ്രം. അമേരിക്കയിൽ നിന്ന്
ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം ഇവിടെ വന്നു. ഒററ ദിവസം കൊണ്ട് 38 ഇനങ്ങളുടെ ചിത്രം പകർത്തിയാണ് സുഹൃത്ത് മടങ്ങിയത്.

പക്ഷികളെ കാണാനും ഫോട്ടോ എടുക്കാനും ചെറിയ ഒരു മറയും ഒരുക്കിയിട്ടുണ്ട്. 52 ലധികം പക്ഷികളെയാണ് ഇവിടെ ഇതുവരെ കണ്ടെത്തിയത്. ഇതിൽ അപൂർവ്വമായി കാണുന്ന പക്ഷികളുമുണ്ട്. തൻ്റെ വീടിനോട് ചേർന്ന ഒരേക്കർ സ്ഥലം പക്ഷികൾക്ക് വേണ്ടി ഇദ്ദേഹം കാടാക്കി മാറ്റി. അതിനോട് ചേർന്നാണ് പക്ഷികൾക്ക് തീറ്റയും വെള്ളവും നൽകിയത്.

അതോടെ പക്ഷികളുടെ ദിനചര്യയും അധികാരക്രമവും വ്യക്തമായി കാണാനാകുന്ന ഒരു തുറന്ന പ്രകൃതി പഠനശാലയായി  ഇവിടം മാറി. പുലർച്ചെ സൂര്യൻ പൂർണ്ണമായി ഉയരുന്നതിന് മുമ്പേ
ആദ്യ അതിഥികൾ എത്തും. ബുൾബുൾ പക്ഷികൾ.
പേടിയില്ലാത്തവർ, മനുഷ്യ സാന്നിധ്യത്തോട് വേഗം പൊരുത്തപ്പെടുന്നവർ. രാവിലെ കുളിയേക്കാൾ ഭക്ഷണമാണ് അവർക്ക് പ്രധാനം. വന്നതും പഴങ്ങളിലേക്കാണ് അവരുടെ നോട്ടം.

അവരെ പിന്തുടർന്ന്ശബ്ദത്തോടെ കൂട്ടമായി യെല്ലോ ബ്രൗഡ് ബുൾബുൾ എത്തും. മൂന്നു മുതൽ നാല് വരെ അംഗങ്ങളുള്ള അവരുടെ വരവ് തന്നെ
ഒരു അറിയിപ്പുപോലെയാണ്. എന്നാൽ അധികനേരം അവർക്കു നിൽക്കാനാവില്ല. റെഡ് വിഷ്കേട് ബുൾബുളിന്റെ
ഒരു നോട്ടവും ചിറകടിപ്പും… മത്സരത്തിന് നിൽക്കാതെ മഞ്ഞ ബുൾ ബുൾ പിൻമാറും.

ഇതിനിടയിൽ  മരത്തിന്റെ മുകളിലെ ഉണങ്ങിയ തൊലിപ്പുറം
കൊക്കുകൊണ്ട് പൊട്ടിച്ചെടുക്കുന്ന യെല്ലോ നാപ്പ്ഡ് വുഡ് പെക്കർ
ഈ രംഗത്തിന് മറ്റൊരു താളം നൽകും. മരം കൊട്ടുന്ന ഓരോ ശബ്ദവും
മരത്തിന്റെ ഉള്ളിലെ ജീവജാലങ്ങളുടെ കഥ തുറക്കുന്നതുപോലെയാണ്.
ഇടയ്ക്ക് അവ താഴെയിറങ്ങി വെള്ളം കുടിക്കും.

പിന്നീട് രംഗം കൈയേറുന്നത് ഇലക്കിളികളാണ്. ഒരിക്കലും ഒറ്റയ്ക്ക്അല്ല, ജോഡിയായാണ് അവരുടെ വരവ്. ഒരു പ്രത്യേക ശബ്ദത്തിലൂടെ മറ്റുള്ളവരെ അകറ്റുന്ന അവരുടെ രീതി അധികാരത്തിന്റെ നിശ്ശബ്ദ ഭാഷയാണ്. ഭക്ഷണം കഴിഞ്ഞാൽ അവർ ഒരു കുളി പാസ്സാക്കും. അഞ്ചു മിനുട്ട് ഇടവേളകളിൽ വീണ്ടും വീണ്ടും പഴത്തിനായി വരിക അവരുടെ പതിവാണ്. റോബസ്റ്റയാണ് ഇഷ്ടഭക്ഷണം

ഇന്ത്യൻ ബ്ലാക്ക് ബേഡ് ജോഡിയായി എത്തും. കുറിണ്ണനും ബ്ലാക്ക് ബേഡും പരസ്പരം മൈൻഡ് ചെയ്യാറില്ല. തുല്ല്യ ശക്തികളെ പോലെ അവർ വേറെ വേറെ പഴങ്ങൾ തിന്നും. എന്നാൽ അവിടെയും കറുത്ത പക്ഷിയിലെആൺ മേധാവിത്വം വ്യക്തമാണ്. തിന്നുമ്പോൾ തന്നെആൺ–പെൺ പക്ഷികൾ തമ്മിലുള്ള ചെറിയ സംഘർഷങ്ങൾ പ്രകൃതിയുടെ മറ്റൊരു മുഖം കാണിക്കുന്നു.

മരക്കൊമ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കുട്ടുറുവൻ ചെറിയ ഇടവേളകളിൽ പഴം തിന്നാനെത്തും. മരക്കൊമ്പിൽ ഉറപ്പിച്ചു വെച്ച പേരക്കയാണ് അവരുടെ പ്രധാന ലക്ഷ്യം. അൽപ്പസമയത്തിനുശേഷം
ചിലച്ചു കൊണ്ട് ചിതല പക്ഷികൾ കൂട്ടമായി എത്തും.വെള്ളത്തിൽ ചിറകടിച്ച് ശരീരം ശുദ്ധീകരിച്ച ശേഷം മരക്കൊമ്പുകളിൽ ഇരുന്ന് അവ തൂവൽ വൃത്തിയാക്കും. ഇതിനിടയിൽ പ്രണയ ജോഡികളുടെ നിശ്ശബ്ദ സല്ലാപങ്ങളും കാണാനാകും.

വലിയ ശബ്ദത്തോടെ ഓലഞ്ഞാലി മൂന്നു നാലു എണ്ണം ചേർന്ന് പറമ്പിലിറങ്ങുമ്പോൾ ധൈര്യം ശബ്ദത്തിനൊപ്പമല്ലെന്ന്  വീണ്ടും തെളിയും. യെല്ലോ ബ്രൗഡ് ബുൾബുൾ കൂട്ടമായി ആക്രമിക്കുമ്പോൾ
ഓലഞ്ഞാലി പിന്മാറുന്നു. സംഘ ശക്തിയുടെ പ്രകൃതി നിയമം.

മണ്ണിൽ ശേഖരിച്ച വെള്ളം തേടി പ്രാവുകൾ എത്തും. അവയ്ക്ക് പ്ലാറ്റ് ഫോം പേടിയാണെന്നു തോന്നുന്നു എമറാൾഡ് പ്രാവും അരിപ്രാവും പാത്രത്തിലെ വെള്ളം ഒഴിവാക്കി പാറയിൽ കെട്ടി നിർത്തിയ വെള്ളമാണ് ആശ്രയിക്കുന്നത്. പഴങ്ങളോട് അവർക്കു വലിയ പ്രിയമില്ല. ആരോടും പരിഭവമോ മത്സരമോ ഇല്ലാത്തവർ. സമാ ധാനത്തിൻ്റെ വെള്ളരി പ്രാവുകൾ….

മരക്കൊമ്പുകളിൽ നിന്ന് എല്ലാ സംഭവങ്ങളും നിശ്ശബ്ദമായി നിരീക്ഷിക്കുന്നത്ഓറഞ്ച് മിനിവെറ്റും ബ്രോൺസ്ഡ് ഡ്രോംഗോയും… പങ്കാളിത്തമില്ലാത്ത നിരീക്ഷണക്കാർ മാത്രമാകും ഇവർ.

രാവിലെത്തെ ഈ ലഹള പതിനൊന്നോടെ അവസാനിക്കും.
പറമ്പ് ശാന്തമാകും. അപ്പോഴാണ്  മുനിയ പക്ഷികൾ പത്തു പതിനഞ്ച് എണ്ണം ചേർന്ന് പാറയിലെ വെള്ളത്തിൽ തിമർത്തി കുളിക്കുന്നത്. അവർക്കും തീറ്റ വേണ്ട. അവർ ഈ അവസരത്തിനായി എവിടെയോ ഒളിച്ചിരുന്നു കാണും.

വൈകുന്നേരം മൂന്നു മണിയോടെ പ്രഭാതത്തിലെ അതേ ക്രമത്തിൽ
പക്ഷികൾ വീണ്ടും എത്തിത്തുടങ്ങും. ഇതിനിടയിൽ മരക്കൊമ്പിൽ ഒളിഞ്ഞിരുന്ന് അവസരം കിട്ടുമ്പോൾ മാത്രം വെള്ളം കുടിക്കുന്ന റോക്ക് ത്രഷും കാവിയും …. കാണാനെന്തു ചന്തം. ആരോടും കലഹിക്കാത്ത ശബ്ദിക്കാത്ത സുന്ദരൻമാർ….

ഇരുട്ടാകുന്നതിന് തൊട്ടുമുമ്പ് പാട്ടുപാടി, ജോഡിയായി വന്ന്
ഭംഗിയായി കുളിച്ച് മടങ്ങുന്ന പഫ് ത്രോട്ടഡ് ബാബ്ലർ ഈ ദിവസത്തിന്റെ അവസാന വരിയാണ്.ഒരു പാത്രം വെള്ളവും കുറച്ചു പഴങ്ങളും എൻ്റെ വീട്ടുപറമ്പിൽ തുറന്നുകാട്ടിയത് പക്ഷികളെ മാത്രമല്ല, അധികാരവും സഹവാസവും പ്രണയവും അതിജീവനവും നിറഞ്ഞ പ്രകൃതിയുടെ വലിയ കഥയാണ്.