ആലപ്പുഴയുടെ പൈതൃകം കണ്ടറിഞ്ഞ് ഹെറിറ്റേജ് വാക്ക്
ആലപ്പുഴയുടെ സംസ്കാരത്തെയും ചരിത്രത്തെയും പൈതൃകത്തെയും അടുത്തറിയാനായി ഹെറിറ്റേജ് വാക്ക് നടത്തി. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണിത് സംഘടിപ്പിച്ചത്. ആലപ്പുഴ ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് പോർട്ട് മ്യൂസിയം, ബീച്ച്, ഗുജറാത്തി സ്ട്രീറ്റ്, ശിവ പാർവ്വതി ക്ഷേത്രം, ജൈന ക്ഷേത്രം, രാമൻ അമ്പലം, ഗുജറാത്തി സ്കൂൾ, സി.എസ്.ഐ. പള്ളി തുടങ്ങിയവ സന്ദർശിച്ച് ന്യൂ മോഡൽ കയർ സൊസൈറ്റിയിലേക്കായിരുന്നു ഹെറിറ്റേജ് വാക്ക്.
ജനതയെ അവരുടെ സാംസ്കാരികവും ചരിത്രപരവുമായ ചുറ്റുപാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് പൈതൃക നടത്തത്തിൻ്റെ പ്രധാന ലക്ഷ്യം. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ
കളക്ടർ ഹരിതാ വി. കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഹെറിറ്റേജ് കിറ്റ് എച്ച്. സലാം എം.എൽ.എ. ആരിഫ് എം.പിക്ക് കൈമാറി.
സെൻ്റ് ജോസഫ്സ് കോളേജ്, ലിയോ 13 സ്കൂൾ, സെൻ്റ് മൈക്കിൾസ് എച്ച്.എസ്, സെൻ്റ് ആൻ്റണീസ് എച്ച്.എസ് എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ഹെറിറ്റേജ് വാക്കിന്റെ ഭാഗമായി.
നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ എം.ആർ. പ്രേം, മുസിരിസ് എം.ഡി ഡോ. കെ.മനോജ് കുമാർ, ഡി.ടി.പി.സി സെക്രട്ടറി കെ.അനൂപ് കുമാർ, ഗാന്ധി സ്മാരക നിധി നാഷണൽ ട്രസ്റ്റി കെ.ജി ജഗദീശൻ തുടങ്ങിയവർ ഹെറിറ്റേജ് വാക്കിന് നേതൃത്വം നൽകി.