72 യാത്ര ഫ്യൂവൽസ് ഔട്ലെറ്റുകൾ തുറക്കും- മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് 72 യാത്ര ഫ്യൂവൽസ് ഇന്ധന സ്റ്റേഷനുകൾ കൂടി പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഇന്ധനവും മികച്ച സേവനവും നൽകുന്നവയാണ് കെ.എസ്.ആർ.ടി.സിയുടെ യാത്ര ഫ്യൂവൽ ഔട്ലെറ്റുകളെന്ന് മന്ത്രി പറഞ്ഞു. ഹരിപ്പാട് പുതിയതായി നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ, ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റേഷൻ യാർഡ് എന്നിവ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി. ലക്ഷ്യമിടുന്നത്. നിലവിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 13 യാത്ര ഫ്യുവൽസ് ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മായം കലർത്താതെയും കൃത്യമായ അളവിലും ഇന്ധനം ലഭിക്കുന്ന ഔട്ലെറ്റുകൾക്ക് മികച്ച സ്വീകാര്യതയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. പുതിയതായി 72 ഔട്ലെറ്റുകൾ കൂടി സ്ഥാപിക്കുമ്പോൾ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഏറ്റവും വലിയ വിതരണക്കാരിൽ ഒന്നായി കെ.എസ്.ആർ.ടി.സി മാറുമെന്നും കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം സൃഷ്ടിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ഹരിപ്പാട് ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല എം.എൽ.എ. അധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി. മുഖ്യാതിഥിയായി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, എ.ശോഭ, ടി.എസ്. താഹ, നഗരസഭ അധ്യക്ഷൻ കെ.എം. രാജു, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി. സെബി, ജനറൽ മാനേജർ ആർ. ചന്ദ്രബാബു. കെ തുടങ്ങിയവർ പങ്കെടുത്തു.
പുതിയതായി സർവീസ് ആരംഭിച്ച ഹരിപ്പാട് – കോഴിക്കോട് സൂപ്പർഫാസ്റ്റ് ബസിന്റെ ഫ്ലാഗ് ഓഫ് കർമവും മന്ത്രി നിർവഹിച്ചു. 6.75 കോടി രൂപ ചെലവിൽ നിർമിച്ചതാണ് ബസ് ടർമിനൽ, ഷോപ്പിങ്ങ് കോംപ്ലക്സ്, ബസ് യാർഡ് എന്നിവ ഉൾപ്പെടുന്ന ബസ് സ്റ്റേഷൻ.15 കടമുറികളും ഓഫീസ് സൗകര്യവും ഇതിലുണ്ട്.