ഗോഫസ്റ്റ് കൊച്ചി- അബുദാബി സര്‍വ്വീസ് തുടങ്ങി
ഗോ ഫസ്റ്റ് കൊച്ചി-അബുദാബി സര്‍വ്വീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ നിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സര്‍വ്വീസാണിത് .
ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ട് ഫ്ളൈറ്റുകള്‍ ഉണ്ടാകും. കൊച്ചി-അബുദാബി സര്‍വ്വീസ് ചൊവ്വ, വെള്ളി,ഞായര്‍ ദിവസങ്ങളിലും അബുദാബി-കൊച്ചി സര്‍വ്വീസ് തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് ഉണ്ടാവുക .
വിമാന കമ്പനികൾക്ക് സിയാലിന്മേലുള്ള വിശ്വാസമാണ് ഓരോ പുതിയ സര്‍വ്വീസും സൂചിപ്പിക്കുന്നതെന്ന് സിയാൽ എം.ഡി. സുഹാസ് പറഞ്ഞു . കൊച്ചിയെ ദിക്ഷിണേന്ത്യയിലെ വിമാന സർവ്വീസ് ഹബ് ആക്കാൻ ഇത് കരുത്ത് പകരും എന്നാണ് പ്രതീക്ഷ – സുഹാസ് പറഞ്ഞു.
വരുംകാലങ്ങളിൽ കൊച്ചിയിൽ നിന്നും കൂടുതൽ സര്‍വ്വീസുകൾ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന് കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളി ദാസ് മേനോൻ അറിയിച്ചു.
കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് 45 സര്‍വ്വീസുകളാണ് നിലവിലുള്ളത് . ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ നടത്തുന്ന സര്‍വ്വീസുകൾക്ക് പുറമെയാണ് ഗോ ഫസ്റ്റിന്റെ പുതിയ ത്രിവാര സര്‍വ്വീസ് .കൊച്ചിയില്‍ നിന്ന് കുവൈറ്റിലേക്കും മസ്ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് നേരിട്ട് വിമാന സര്‍വ്വീസ് പ്രഖ്യാപിച്ചിരുന്നു.