സിയാൽ എയർപോർട്ട് റിംഗ് റോഡ് ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ ഈ സാമ്പത്തിക വർഷം സിയാൽ നടപ്പാക്കുന്നത് 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിമാനത്താവളത്തിന്റെ തെക്ക്-വടക്ക് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉദ്ദേശിച്ച് ആസൂത്രണം ചെയ്തിട്ടുള്ള എയർപോർട്ട് റിംഗ് റോഡിന്റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റിങ് റോഡിൻറെ ആദ്യ ഘട്ടമായ ഗേറ്റ് ആറ് മുതൽ കല്ലുംകൂട്ടം വരെയുള്ള റോഡാണ് നാട്ടുകാർക്കായി തുറന്നുകൊടുത്തത്.
വിമാനത്താവളത്തിന്റെ ഓപ്പറേഷണൽ മേഖലയുടെ തെക്ക് ഭാഗത്തുള്ള ഗേറ്റ് ആറ് മുതൽ കാഞ്ഞൂർ പഞ്ചായത്തിലെ കല്ലുംകൂട്ടം വരെയുള്ള 600 മീറ്ററോളം ഭാഗത്താണ് ആദ്യഘട്ടമായി റോഡ് പണികഴിപ്പിച്ചിട്ടുള്ളത്.1.6 കോടി രൂപയാണ് ചെലവ്. വിമാനത്താവളത്തെയും പരിസര പ്രദേശത്തെയും വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തെക്ക്-വടക്ക് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റിംഗ് റോഡ് നിർമിക്കുന്നത്.
സിയാൽ വളരുന്നതിനൊപ്പം ചുറ്റുമുള്ള പ്രദേശങ്ങളും വളരണമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഈ സാമ്പത്തിക വർഷം സമീപ പഞ്ചായത്തുകൾക്കായി നൂറ് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സിയാൽ നടപ്പിലാക്കുന്നത്. റെയിൽവെ സ്റ്റേഷൻ, മെട്രോ കണക്ടിവിറ്റി, ജലമെട്രോ എന്നിവ യാഥാർഥ്യമാകുന്നത്തോടെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച കണക്റ്റിവിറ്റിയുള്ള വിമാനത്താവളമായി സിയാൽ മാറും.
കുണ്ടന്നൂർ – അങ്കമാലി ബൈപ്പാസിനെ വിമാന താവളത്തിലേക്ക് ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. 27ന് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തുന്ന പാലങ്ങളിലേക്കുള്ള അപ്രോച്ച് റോഡ് പണി നിർമ്മിക്കുന്ന കാര്യവും ആലോചനയിലുണ്ട് . മന്ത്രി പി. രാജീവ് പറഞ്ഞു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹനാൻ എം.പി, റോജി.എം.ജോൺ എം.എൽ.എ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്,സിയാൽ ഡയരക്ടർ വർഗീസ് ജേക്കബ്ബ് കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു എന്നിവർ പങ്കെടുത്തു.




















