സിയാലിൽ ഫാസ്ടാഗ്, സ്മാർട്ട് പാർക്കിംഗ് ഡിസംബർ മുതൽ
മൊബൈൽ ആപ്പ്ളിക്കേഷൻ വഴി പാർക്കിംഗ് സ്ലോട്ട് ബുക്കിംഗ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) ഫാസ്ടാഗ് പ്രവേശനം, ഡിജിറ്റൽ പാർക്കിംഗ് സംവിധാനങ്ങൾ എന്നിവ ഡിസംബർ ഒന്നിന് നിലവിൽ വരും. ഇത് യാത്രക്കാരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും എളുപ്പമാക്കുകയും പാർക്കിംഗ് കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും. എൻട്രി- എക്സിറ്റ് കവാടങ്ങളിൽ നിലവിൽ ഒരു വാഹനത്തിന് എടുക്കുന്ന സമയം ശരാശരി രണ്ടു മിനിറ്റാണ്. ഇത് എട്ട് സെക്കൻഡ് ആയി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.
തടസ്സങ്ങളില്ലാത്തതും വേഗത്തിലുള്ളതുമായ പാർക്കിംഗ് ഉറപ്പാക്കുന്ന രീതിയിലാണ് സ്മാർട്ട് പാർക്കിംഗ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നാവിഗേഷൻ സംവിധാനം, പാർക്കിംഗ് സ്ലോട്ട് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള റോഡിൽ ടാക്സികളുടെ അനധികൃത പാർക്കിംഗ് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പോലീസിൽ നിന്നും ദീർഘകാലമായി ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണാനും സിയാൽ ശ്രമിച്ചിട്ടുണ്ട്. ഡിസംബർ ഒന്നു മുതൽ ടാക്സികൾക്ക് ചെറിയ ഫീസ് നൽകി വിമാനത്താവളത്തിനുള്ളിൽ പാർക്ക് ചെയ്യാനാകും. അതോടൊപ്പം, എല്ലാ ടാക്സികൾക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര – ആഭ്യന്തര ടെർമിനലുകൾക്ക് സമീപം 2800 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ സിയാലിനുണ്ട്. അതിലേക്കുള്ള പ്രവേശനവും പാർക്കിംഗുമാണ് ഇപ്പോൾ പൂർണ്ണമായും ഫാസ്ടാഗ്, ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ പോകുന്നത്. കാര്യക്ഷമത ഉറപ്പാക്കാൻ പാർക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം (പി.എം.എസ്), കവാടങ്ങളിലും കാർ പോർട്ടിനുള്ളിലും സുഗമമായ
സഞ്ചാരവും പാർക്കിങ്ങും ഉറപ്പാക്കുന്ന പാർക്കിംഗ് ഗൈഡൻസ് സിസ്റ്റം (പി.ജി.എസ്), ഓരോ പാർക്കിംഗ് ഇടത്തിലെയും സ്ഥല ലഭ്യത മനസിലാക്കി പാർക്കിംഗ് എളുപ്പമാക്കുന്ന പാർക്കിംഗ് സ്ലോട്ട് കൗണ്ടിംഗ് സിസ്റ്റം, ദേശീയപാതകളിലെ ടോൾ ഗേറ്റുകളിലേതുപോലെ പണമിടപാടുകൾ സാധ്യമാക്കുന്ന ഫാസ്ടാഗ് കൗണ്ടറുകൾ. ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ (എ.എൻ.പി.ആർ),ഓട്ടോമാറ്റിക് നമ്പർ തിരിച്ചറിയൽ ക്യാമറകൾ എന്നിവയെല്ലാം ഈ പുതിയ സംവിധാനത്തിന്റെ സവിശേഷതകളാണ്. കൂടാതെ, ഓട്ടോമാറ്റിക് ‘പേ-ഓൺ-ഫൂട്ട് സ്റ്റേഷനു’കളിലൂടെ യാത്രക്കാർക്ക് പാർക്കിംഗ് ഫീസ് സ്വയം അടക്കാവുന്നതുമാണ്.
മാത്രമല്ല, സിയാൽ മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർക്ക് പാർക്കിംഗ് സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാർക്ക് സൗകര്യമാകും വിധം അടയാള ബോർഡുകളും സജ്ജീകരിച്ചിട്ടുണ്ട്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളെ താത്കാലികമായി കടത്തി വിടാൻ വേണ്ട സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്