സിയാലില്‍ ആദ്യം പറന്നെത്തിയ ‘ഇവ’ താരമായി 

വിദേശത്തു നിന്ന്  ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചതിനു ശേഷം  ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിൽ പറന്നിറങ്ങി. സങ്കരയിനത്തിൽപ്പെട്ട
ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ 10.17 ന് എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ. എ.രാമചന്ദ്രന്റെ  ഓമനയാണ് ‘ഇവ’.

‘മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസ രഹിതമായി വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. ‘ഇവ’യെ  കൊണ്ട് വരാൻ സൗകര്യമുണ്ടാക്കി തന്ന  സിയാലിന് നന്ദി’-തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

ഈ വർഷം ജൂലൈയിലാണ് ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ നിലവിൽ വന്നത്. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ‘അനിമൽ ക്വാറന്റൈൻ ആൻ്റ് സർട്ടിഫിക്കേഷൻ സർവീസ്’ (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ  ‘പെറ്റ് എക്സ്പോർട്ട് – ഇംപോർട്ട്’ സൗകര്യങ്ങളുള്ള  കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി.

വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നുണ്ട്.

വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള  സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ  ആണ്  യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.