വൈവിധ്യങ്ങളുമായി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം
ഗോത്ര ജനതയുടെ വൈവിധ്യങ്ങളെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം വയനാട് ജില്ലയിലെ പൂക്കോട് പ്രവര്‍ത്തനം ആരംഭിച്ചു. വൈത്തിരി താലൂക്കിലെ കുന്നത്തിടവക വില്ലേജിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് സമീപമാണ് പൈതൃക ഗ്രാമം.
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്റെ പ്രത്യേകിച്ച് വയനാടിന്റെയും വികസനത്തില്‍ നാഴിക കല്ലായി മാറുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പൈതൃക ഗ്രാമം നാടിന് സമര്‍പ്പിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്നതാണ് എന്‍ ഊര് സംരംഭമെന്നും മന്ത്രി പറഞ്ഞു.
ഗോത്ര നാടിന്റെ പൈതൃകങ്ങളും സംസ്‌കാരവും സംരക്ഷിക്കുമെന്നും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ്‌റിയാസ് പറഞ്ഞു. എന്‍ ഊര് രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം ദൈനംദിന ജീവിതവുമായി ഇടപെടുന്ന സംരംഭങ്ങള്‍ നാടിന് പുതിയ വഴികള്‍ തുറക്കും. ഇതിനൊരു ഉദാഹരണമായാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമവും മാറുക. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ എന്‍ ഊരിനെയും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ടി.സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മഴക്കാഴ്ച പ്രദര്‍ശന വിപണന ഭക്ഷ്യമേള ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, സബ്ബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എം.വി.വിജീഷ്, എന്‍.കെ. ജ്യോതിഷ്‌കുമാര്‍, എന്‍ ഊര് ചാരിറ്റബില്‍ സൊസൈറ്റി സെക്രട്ടറി വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഗോത്ര വിഭാഗങ്ങള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, പാരമ്പരാഗത തനത് കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ച മരുന്നുകള്‍, മുള ഉത്പന്നങ്ങള്‍, പാരമ്പര്യ ഔഷധ ചെടികള്‍ തുടങ്ങിയവ വില്‍ക്കുന്ന ഗോത്ര വിപണി ഇവിടെ തയ്യാറായിട്ടുണ്ട്. വിവിധ ഗോത്ര വിഭാഗത്തിന്‍റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും അവസരമുണ്ട്.
എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഓപ്പണ്‍ എയര്‍ തിയേറ്ററില്‍ ഗോത്രകലാവതരണം നടക്കും. രണ്ട് പ്രീമിയം കഫ്റ്റീരിയകളിലായി
ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഫെസിലിറ്റേഷന്‍ സെന്റര്‍, വെയര്‍ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
പ്രകൃതി സൗഹൃത കളിമൈതാനങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ഗോത്ര പൈതൃകങ്ങളെ തൊട്ടറിഞ്ഞുള്ള ഹെറിറ്റേജ് വാക്ക്‌വേ, ഗോത്ര പുനരാഖ്യാന കേന്ദ്രം, ഗോത്ര കലാകാരന്മാര്‍ക്ക് കലകള്‍ ആവിഷ്‌ക്കരിക്കുന്നതിന് കരകൗശല ഉല്‍പ്പന്നങ്ങളും പരമ്പരാഗത ഉല്‍പ്പന്നങ്ങളും നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണിശാല തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്.