വിമാനത്താവള സുരക്ഷ: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
വിമാനത്താവളങ്ങളുടെ 13 കി.മി. ചുറ്റളവിൽ ജാഗ്രത വേണം
വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
എയർപോർട്ടിന് സമീപം ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് മുമ്പ് ഈ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും അത്യാവശ്യമാണ്. പൊതുസമൂഹം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:
മാലിന്യ നിർമാർജനം
പക്ഷികളെ ആകർഷിക്കുന്ന തരത്തിൽ തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം തള്ളുകയോ ഉപേക്ഷിക്കുകയോ ചെയ്യരുത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ നിർദിഷ്ട വേസ്റ്റ് ബിന്നുകൾ ഉപയോഗിക്കുക. ഗാർഹിക മാലിന്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി സംസ്കരിക്കണം.
സസ്യ നിയന്ത്രണം/പക്ഷി
എയർപോർട്ടിന് ചുറ്റുമുള്ള സോണുകൾ കൃത്യമായി പരിപാലിക്കുക, വന്യജീവി കടന്നു കയറ്റംതടയാൻ മരങ്ങളും സസ്യങ്ങളും പതിവായി വെട്ടിമാറ്റി വൃത്തിയാക്കുക.
പക്ഷി ആക്രമണ പ്രതിരോധം
പക്ഷികളുടെ സാന്നിധ്യം മൂലമുണ്ടാകുന്ന അപകടസാദ്ധ്യതകൾ കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യുക.
ഡ്രെയിനേജ് പരിപാലനം
വെള്ളം കെട്ടിക്കിടക്കുന്നത് തടയാൻ ഡ്രെയിനേജ് സംവിധാനങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക, തടസ്സങ്ങളില്ലാതെ എല്ലായ്‌പ്പോഴും വെള്ളം ഒഴുകുന്നതിനായി ഡ്രെയിനുകളിലും ഗട്ടറുകളിലും അവശിഷ്ടങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തുക.
വെള്ളക്കെട്ട് ഒഴിവാക്കുക
വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ അവ ഒഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളുക. ഇല്ലെങ്കിൽ കൊതുക് പെരുകുന്നതിനും പക്ഷികളെ ആകർഷിക്കുന്നതിനും അതിടയാക്കും.തണ്ണീർത്തടങ്ങൾ, മത്സ്യ ഫാമുകൾ എന്നിവ മൂടി സൂക്ഷിക്കുക, നിങ്ങളുടെ പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്നങ്ങളെക്കുറിച്ച് പ്രാദേശിക അധികാരികളെ അറിയിക്കുക. നേരത്തെ വിവരം അറിയിച്ചാൽ ആരോഗ്യ – സുരക്ഷാ പ്രശ്നങ്ങൾ തടയാൻ സഹായകമാവും.
കശാപ്പ് കേന്ദ്രങ്ങൾ
കശാപ്പ് കേന്ദ്രങ്ങളിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ കൃത്യമായി ഉപയോഗിക്കുക, വിമാനത്താവളത്തിന് സമീപമുള്ള അനധികൃത കശാപ്പ് പ്രവർത്തനം ഉടനടി റിപ്പോർട്ട് ചെയ്യുക.
ഡ്രോൺ ഉപയോഗം
പ്രത്യേക അനുമതിയില്ലാതെ വിമാനത്താവളത്തിന്റെ എട്ട് കിലോമീറ്റർ ചുറ്റളവിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കരുത്.
ലേസർ ലൈറ്റുകൾ
വിമാനത്താവളത്തിന് സമീപം ലേസർ ലൈറ്റുകൾ, ശക്തമായി പ്രകാശിക്കുന്ന ലൈറ്റുകൾ എന്നിവ ഉപയോഗിക്കരുത്. പൈലറ്റുമാർക്ക് താത്കാലിക അന്ധതയ്ക്കും ദിശാബോധം നഷ്ടപ്പെടാനും ഇത് കാരണമാകും.
കെട്ടിട നിർമാണം
വിമാനത്താവളത്തിനടുത്തുള്ള കെട്ടിടനിർമ്മാണത്തിന് നിയമാനുസൃത നിയന്ത്രണങ്ങൾ പാലിക്കുക, നിയുക്ത സോണുകൾക്കുള്ളിലെ കെട്ടിടനിർമാണം ആവശ്യമായ അനുമതികൾ നേടിയ ശേഷം മാത്രം ആരംഭിക്കുക.
ഹോട്ട് എയർ ബലൂൺ
നിയമാനുസാരമായ എയർ വേർതിനെസ്സ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ബലൂൺ പറപ്പിക്കലിനും വിൽക്കൽ-വാങ്ങൽ ഇടപാടുകൾക്കുമായി ഡി.ജി.സി.എ യിൽ രജിസ്റ്റർ ചെയ്യുക
നിയമങ്ങൾ അനുസരിക്കുക
വിമാനത്താവളങ്ങൾക്ക് സമീപമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ എയർക്രാഫ്റ്റ് നിയമം -1937 പാലിക്കുക. അല്ലാത്ത പക്ഷം പിഴയടക്കേണ്ടതായി വരും.