വിമാനകമ്പനികൾക്കായുള്ള ഹബ്ബാകാൻ സിയാൽ സജ്ജം- മുഖ്യമന്ത്രി

ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലെ 0484 എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിമാനത്താവളം വഴി ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയിൽ 795 ഉം സർവീസുകൾ ഇവിടെ നിന്ന് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് വിമാന സർവീസുകളുണ്ട്. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തു വരികയാണ്.

550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനമാണ് അവയിൽ പ്രധാനം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കൊമേഴ്സ്യൽ സോൺ വികസനത്തിനും സിയാൽ തുടക്കമിട്ടു കഴിഞ്ഞു – മുഖ്യമന്ത്രി പറഞ്ഞു.

വിമാനത്താവള സ്വകാര്യവത്ക്കരണം തകൃതിയായി തന്നെ രാജ്യത്ത് നടക്കുന്നുണ്ട്. സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയ പല വിമാനത്താവളങ്ങളും കാലക്രമേണ യൂസർ ഡെവലപ്മെന്റ് ഫീസും ലാൻഡിംഗ് ഫീസും കുത്തനെ ഉയർത്തുകയും അതിന്റെ ബാധ്യത സാധാരണ യാത്രക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുകയാണ്. എന്നാൽ സർക്കാർ മുഖ്യനിക്ഷേപം നടത്തിയിട്ടുള്ള സിയാലിന്റെ പ്രവർത്തനങ്ങളിൽ അത്തരത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും തന്നെയില്ല.

രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്മെന്റ് ഫീസും പാർക്കിംഗ്, ലാൻഡിംഗ് ഫീസുമാണ് സിയാലിൽ ഉള്ളത്. അങ്ങനെ ജനോപകാരപ്രദമായി വ്യവസായങ്ങളെയും സേവനങ്ങളെയും നിലനിർത്താനാണ് ശ്രമിക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിയാൽ ജീവനക്കാരുടെ വകയായി ഒരു കോടി  രൂപയും കാർഗോ കയറ്റിറക്ക് തൊഴിലാളി സൊസൈറ്റിയുടെ വകയായി അരലക്ഷം രൂപയും ചടങ്ങിൽ  മുഖ്യമന്ത്രിക്ക് കൈമാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിയാൽ നേരത്തെ തന്നെ രണ്ടു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു.

വ്യവസായ മന്ത്രിയും സിയാൽ ഡയറക്ടർ ബോർഡ് അംഗവുമായ പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതം പറഞ്ഞു. സിയാൽ ഡയറക്ടർ എം. എ. യൂസഫലി ആമുഖ പ്രഭാഷണം നടത്തി. റവന്യൂ മന്ത്രിയും സിയാൽ ഡയറക്ടറുമായ കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി. സിയാൽ ഡയറക്ടർമാരായ ഇ. കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ. വി.ജോർജ്, ഇ.എം ബാബു, ഡോ. പി. മുഹമ്മദലി, എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം.ജോൺ  എം.പി.മാരായ ബെന്നി ബഹനാൻ ഹൈബി ഈഡൻ, അഡ്വ. ജെബി മേത്തർ തുടങ്ങിയവർ  പങ്കെടുത്തു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി.കെ. ജോർജ് നന്ദി പറഞ്ഞു
 
0484 എയ്‌റോ ലോഞ്ച് 

0484 എയ്റോ ലോഞ്ചിലൂടെ മിതമായ മണിക്കൂർ നിരക്കുകളിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് സിയാൽ ജനങ്ങൾക്കായി  ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ഹോൾഡ്  മേഖലയ്ക്ക് പുറത്തായി, ബിസിനസ് ജെറ്റ് ടെർമിനൽ സ്ഥിതി ചെയ്യുന്ന ടെർമിനൽ -2 വിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുള്ള ഈ ലോഞ്ച് യാത്രക്കാർക്കും

സന്ദർശകർക്കും ഒരുപോലെ ഉപയുക്തമാക്കാനാകും. എറണാകുളത്തിൻ്റെ എസ്.ടി.ഡി കോഡിൽ നിന്ന് പ്രചോദനമുൾകൊണ്ടാണ് ഇതിന്റെ  നാമകരണം. 50,000 ചതുരശ്ര അടിയിലായി 37 മുറികൾ, 4 സ്യൂട്ടുകൾ, 3ബോർഡ് റൂമുകൾ, 2 കോൺഫറൻസ് ഹാളുകൾ, കോ-വർക്കിംഗ് സ്‌പേസ്, ജിം, സ്പാ, ലൈബ്രറി, റെസ്റ്റോറന്റ് എന്നിവയെല്ലാം ഈ ലോഞ്ചിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *