കോവിഡ്കാല യാത്രാ സുരക്ഷയ്‌ക്ക് സിയാലിന് ആഗോള അംഗീകാരം
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ) ഏർപ്പെടുത്തിയ എയർപോർട്ട് സർവ്വീസ് ക്വാളിറ്റി അവാർഡ് -2022 നേടി. കോവിഡ് കാലത്ത് കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയ ‘മിഷൻ സേഫ്ഗാർഡിംഗ് ‘ എന്ന പദ്ധതിയാണ് സിയാലിനെ ഈ അവാർഡിന് അർഹമാക്കിയത്.
2021-22 ലാണ് ‘മിഷൻ സേഫ്ഗാർഡിംഗ് ‘ എന്ന പദ്ധതി കൊച്ചി വിമാനത്താവളത്തിൽ നടപ്പിലാക്കിയത്. ആഗോള വ്യോമയാന മേഖലയിൽ വിമാനത്താവള കമ്പനികൾക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് എ.എസ്.ക്യൂ അവാർഡ്. പ്രതിവർഷം 5-15 ദശലക്ഷം യാത്രക്കാരുടെ പട്ടികയിലാണ് സിയാൽ ഉൾപ്പെട്ടത്.
പോളണ്ടിലെ ക്രാക്കോവിൽ നടന്ന ഗ്ലോബൽ സമ്മിറ്റ്- 2022 ചടങ്ങിൽ കമ്പനി ചെയർമാൻ പിണറായി വിജയനും ഡയറക്ടർ ബോർഡിനും വേണ്ടി സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, എ.സി.ഐ വേൾഡ് ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ്പ് ഡി ഒലിവേരയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. യാത്രക്കാരിൽ നടത്തിയ എ.എസ്.ക്യൂ ഗ്ലോബൽ എയർപോർട്ട് സർവേ വഴിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
നിലവിലുള്ള മാനദണ്ഡങ്ങൾക്കു പുറമേ ഇത്തവണ വിമാനത്താവളങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും അവാർഡ് നിർണ്ണയത്തിനായി ഉൾപ്പെടുത്തിയിരുന്നു. പ്രതിസന്ധികൾക്കിടയിലും ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ യാത്രക്കാരുടെ ആവശ്യങ്ങൾക്കു പ്രഥമ പരിഗണ നൽകിക്കൊണ്ട് പ്രവർത്തിച്ചു എന്ന് എ.സി.ഐ അഭിപ്രായപ്പെട്ടു. വ്യോമയാന യാത്രക്കാർക്ക് സുരക്ഷിതമായ യാത്രാനുഭവം ഏറ്റവും മികച്ച രീതിയിൽ നല്‍കുന്നതിനായുള്ള പദ്ധതികളാണ് എ.എസ്.ക്യൂ സർവ്വേകളുടെയും അടിസ്ഥാനം.
കോവിഡിന്റെ പ്രത്യാഘാതങ്ങളിൽ നിന്നുള്ള തിരിച്ചു വരവിനായി സിയാൽ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങൾ ആഗോള ശ്രദ്ധ നേടിയതിൽ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. ചെയർമാന്റെയും ബോർഡ് ഡയറക്‌ടർമാരുടെയും മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കോവിഡ് കാലഘട്ടത്തിൽ വിമാനത്താവളം ‘മിഷൻ സേഫ്ഗാർഡിംഗ്’ പദ്ധതി നടപ്പിലാക്കി. ഇത് യാത്രകാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കി- സുഹാസ് കൂട്ടിച്ചേർത്തു.
Content highlights: CIAL won the Airport service quality award-2022