സിയാലിന് ദേശീയ ഊർജ സംരക്ഷണ അംഗീകാരം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ (സിയാൽ) പാസഞ്ചർ, കാർഗോ ടെർമിനൽ കെട്ടിടങ്ങൾക്ക് ഐ.ജി.ബി.സി (ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ) നെറ്റ് സീറോ എനർജി (ഓപ്പറേഷൻസ് പ്രീ-സർട്ടിഫൈഡ്) റേറ്റിംഗ് ലഭിച്ചു.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച 23-ാമത് ഗ്രീൻ ബിൽഡിംഗ് കോൺഗ്രസിലാണ് സിയാലിന് ഈ അംഗീകാരം. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടന്നത്.
പരിസ്ഥിതി-സൗഹൃദ വിമാനത്താവള കെട്ടിടങ്ങളും സൗകര്യങ്ങളും നിർമിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും സിയാലിന്റെ മികവിനുള്ള അംഗീകാരമാണ് ഈ അവാർഡ്. കെട്ടിടങ്ങളുടെ ഊർജോപയോഗം കാര്യക്ഷമമാക്കാൻ നടപ്പിലാക്കുന്ന ആശയങ്ങൾക്ക് ലഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിലൊന്നാണ് ഐ.ജി.ബി.സി നെറ്റ് സീറോ എനർജി (ഓപ്പറേഷൻസ് പ്രീ-സർട്ടിഫൈഡ്) റേറ്റിംഗ്.
യാത്രക്കാർക്ക് നൽകി വരുന്ന സൗകര്യങ്ങളിലും വിമാനത്താവള പ്രവർത്തനങ്ങളിലും സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ഊർജ്ജ ഉപയോഗം, എയർ കണ്ടീഷനിംഗ്, സ്മാർട്ട് ലൈറ്റിംഗ്, കാര്യക്ഷമമായ ഉപകരണങ്ങളുടെ പ്രവർത്തനം എന്നീ സൗകര്യങ്ങൾ സർട്ടിഫിക്കേഷൻ സംഘം വിലയിരുത്തി. ലോകത്തിലെ തന്നെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഉത്പാദക വിമാനത്താവളമായി മാറാനും കൊച്ചി വിമാനത്താവളം സജ്ജമാകുന്നു.
ഗ്രീൻ തിങ്ക് സർട്ടിഫിക്കേഷൻ സർവീസസിലെ ഗ്രീൻ സർട്ടിഫിക്കേഷൻ കൺസൾട്ടന്റ്‌മാരായ ദീപ ഗണേഷ്, ശ്രീഗണേഷ് വി.നായർ എന്നിവരുടെ സാന്നിധ്യത്തിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ അവാർഡ് സ്വീകരിച്ചു.




















