യാത്രക്കാരുടെ സംതൃപ്തി സർവ്വെയിൽ സിയാലിന് ചരിത്ര നേട്ടം
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാത്രക്കാരുടെ സംതൃപ്തി സർവ്വെയിൽ വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിംഗ് നേടി.
ആഗോളതലത്തിൽ വിമാനത്താവള പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (എ.സി.ഐ ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവ്വെയിലാണ് സിയാൽ അഞ്ചിൽ 4.99 എന്ന സ്കോർ നേടിയത്. വിമാനത്താവളത്തിന്റെ 23 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
2022 ലെ ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എ.സി.ഐ സർവ്വെ നടത്തിയത്. വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും ടെർമിനലുകളിലെ വൃത്തിയുമെന്നായിരുന്നു ആദ്യപാദ സർവ്വെയിലെ പ്രധാന വിഷയങ്ങൾ.
എല്ലാ വിമാന സർവീസുകളുടെയും വിവിധ പ്രായ വിഭാഗത്തിൽപ്പെടുന്നവരുടെയും പ്രാതിനിധ്യം ഉറപ്പാക്കി എ.സി.ഐ വിശദമായി നടത്തുന്ന സർവ്വെയാണിത്. അഞ്ച് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വെ നടത്തിയത്. എയർപോർട്ട് ശുചിത്വം, സുരക്ഷ സംവിധാനങ്ങൾ, വാഷ്റൂം/ടോയ്ലറ്റുകളുടെ ലഭ്യത, ഗേറ്റ് ഏരിയകളിലെ വിശ്രമ സൗകര്യം, എയർ പോർട്ടിലെത്താനുള്ള സൗകര്യം തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ.
സിയാലിന്റെയും അനുബന്ധ എജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് കൊച്ചി വിമാനത്താവളത്തിന്റെ ഉയർന്ന റാങ്കിന് കാരണമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു. കോവിഡ് സമയത്ത് വിമാനത്തിലെ ശുചിത്വ പരിപാലന സംവിധാനതിൽ ഏറെ പുതുമകൾ ഏർപ്പെടുത്തി.
അൾട്രാ വയലറ്റ് അണു നശീകരണ സംവിധാനം, സെൽഫ് ബാഗേജ് ഡ്രോപ്പ് മെഷീനുകൾ, നിയന്ത്രിത ഫ്യൂമിഗേഷൻ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ടെർമിനലുകളിൽ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെയും ബോർഡിന്റെയും നിർദ്ദേശ പ്രകാരം നിരന്തരമായ ഗുണനിലവാര പരിശോധന സംവിധാനത്തിന് തുടക്കമിട്ടിരുന്നു.
ഇതോടെ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള വിനമാനത്താവളം എന്ന ഖ്യാതി സിയാലിനെ തേടിയെത്തി. കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും ഫലം കണ്ടു. എയർലൈനുകളുമായി നടത്തിയ കാര്യക്ഷമമായ ഏകോപനത്തിലൂടെ സർവീസുകളുടെ കൃത്യത ഉറപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെയൊക്കെ ഫലമായാണ് എ.സി.ഐ സർവ്വെയിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തിയതെന്ന് കരുതുന്നു.
കൂടുതൽ വിമാന സർവ്വീസുകൾ എത്തിക്കാൻ നിരവധി പദ്ധതികൾ ഈ വർഷത്തിന്റെ തുടക്കം മുതൽ തന്നെ തയ്യാറാക്കിയിരുന്നു. ഇവയിൽ പലതും ലക്ഷ്യം കണ്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഗോ ഫസ്റ്റ് എന്ന വിമാന കമ്പനി മൂന്ന് അന്താരാഷ്ട്ര സർവീസുകളാണ് കൊച്ചിയിൽ നിന്ന് തുടങ്ങിയത് – സുഹാസ് കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി കാലത്ത് കാര്യക്ഷമമായ പ്രവർത്തനങ്ങള്ക്ക്
സിവിൽ ഏവിയേഷൻ മന്ത്രാലയവും ഫിക്കിയും ചേർന്ന് ഏർപ്പെടുത്തിയ ‘കോവിഡ് ചാമ്പ്യൻ’ അവാർഡിന് സിയാൽ അർഹമായിരുന്നു. കൂടാതെ എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡും വോയ്സ് ഓഫ് ദി കസ്റ്റമർ എക്സ്പീരിയൻസ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും സിയാൽ നേടിയിരുന്നു. ചിത്രം : സിയാൽ പുതിയതായി ഏർപ്പെടുത്തിയ സെൽഫ് ബാഗേജ് ഡ്രോപ്പ് സംവിധാനം