സിയാലിൽ ശബരിമല ഇടത്താവളം തുറന്നു
വിമാനമാർഗം വരുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാവും – മന്ത്രി പി. രാജീവ്
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. ആദ്യമായാണ് ഒരു വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്ക് ഇടത്താവളം ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡല കാലത്ത് രണ്ട് കോടിയോളം ഭക്തരാണ് ശബരിമലയിലേക്ക് എത്തുന്നത്. ഏറെ കാലങ്ങളായി ഈ തീർത്ഥാടകരുടെ നല്ലൊരു ഭാഗം വിമാനമാർഗമാണ് അവരുടെ യാത്ര നടത്തുന്നത്. കഴിഞ്ഞ വർഷം രണ്ട് ചാർട്ടർ വിമാനങ്ങൾ ഉണ്ടായിരുന്നു. ഭക്തരിൽ ചിലരെല്ലാം ഹോട്ടൽ സൗകര്യങ്ങൾ പോലും ഉപയോഗിക്കാതെ അതിരാവിലെയാണ് അവരുടെ യാത്ര തുടങ്ങുന്നത്.
അങ്ങനെയുള്ളവർക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കണമെന്ന ചിന്ത വന്നപ്പോൾ തന്നെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൂർണ മനസ്സോടെ കൂടെ നിന്നു – മന്ത്രി പറഞ്ഞു. ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതി സിയാലിന്റെ മറ്റ് പദ്ധതികൾ പോലെ തന്നെ വൻ വിജയമാകുമെന്നും വരും വർഷങ്ങളിലും തുടർന്ന് കൊണ്ട് പോകാൻ പ്രചോദനമാകുമെന്നും മന്ത്രി അറിയിച്ചു.
5000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ആഭ്യന്തര ആഗമന ഭാഗത്താണ് ഇടത്താവള സംവിധാനം രൂപകൽപന ചെയ്‌തിരിക്കുന്നത്. ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റം ഒരുക്കിയിട്ടുണ്ട്. ഫുഡ് കൗണ്ടർ, പ്രീ പെയിഡ് ടാക്സി കൗണ്ടർ, 24 മണിക്കൂർ ചുക്കുവെള്ളം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഹെല്പ് ഡെസ്ക് എന്നിവയും സമീപത്തു തന്നെ ഒരുക്കിയിട്ടുണ്ട്. എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി. നന്ദിയും പറഞ്ഞു.