സിയാൽ നടപ്പിലാക്കുന്നത്1,400 കോടിയുടെ വികസന പ്രവർത്തനങ്ങൾ

മൊത്തവരുമാനം 1,142 കോടി രൂപ, ലാഭം 490 കോടി

നിക്ഷേപകർക്ക് ലാഭവിഹിതം 50 ശതമാനം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയായ സിയാൽ നടപ്പിലാക്കുന്നത്1400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാൽ ഓഹരിയുടമകളുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി.

2024 -2025 സാമ്പത്തിക വർഷം1142 കോടി രൂപയാണ് സിയാലിന്റെ മൊത്ത വരുമാനം. ലാഭം 489.84 കോടി. നിക്ഷേപകർക്ക് ഡയറക്ടർ ബോർഡ് ശുപാർശ ചെയ്ത 50 ശതമാനം ലാഭവിഹിതം വാർഷിക പൊതുയോഗം അംഗീകരിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തുടർച്ചയായ മൂന്നാം സാമ്പത്തിക വർഷത്തിലും ഒരു കോടിയിലധികം യാത്രക്കാർ കൊച്ചി വിമാനത്താവളം വഴി കടന്നുപോയി. 76,068 സർവീസുകളാണ് ഈ കാലയളവിൽ സിയാൽ കൈകാര്യം ചെയ്തത് – മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്,  മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി.കെ. ജോർജ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.