സിയാലിൽ വ്യോമയാന സുരക്ഷാ വാരാഘോഷം തുടങ്ങി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) വ്യോമയാന സുരക്ഷാ വാരാഘോഷത്തിന്  കൂട്ടനടത്തത്തോടെ (വാക്കത്തോൺ) തുടക്കം. ജുലായ് 31 മുതൽ ഓഗസ്റ്റ്‌ അഞ്ച് വരെയാണ് ആഘോഷങ്ങൾ.

സിയാലിലെയും അനുബന്ധ കമ്പനികളിലെയും ജീവനക്കാർ, സി.ഐ.എസ്.എഫ്, കേരള പോലീസ് ഉദ്യോഗസ്ഥർ, വിവിധ എയർലൈൻ ജീവനക്കാർ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ, ഏവിയേഷൻ വിദ്യാർത്ഥികൾ, സ്വകാര്യ സുരക്ഷാ ഏജൻസികൾ എന്നിവരുൾപ്പെടെ 550 ലധികം പേർ പങ്കെടുത്തു.

ഉദ്ഘാടന വേളയിൽ, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജിയണൽ ഹെഡ് അനിൽ കുമാർ, ബി.സി.എ.എസ് അസിസ്റ്റന്റ് ഡയറക്ടർ സഞ്ജയ് ശർമ എന്നിവർ വ്യോമയാന സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂട്ടനടത്തം എയർപോർട്ട് ഡയറക്ടർ മനു. ജി. ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. വാക്കത്തോണിന് ശേഷം സി.ഐ.എസ്.എഫ്  ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പ് (എ.എസ്.ജി)  ഡോഗ് സ്ക്വാഡിന്റെ അഭ്യാസപ്രകടനങ്ങളും  ഉണ്ടായിരുന്നു.

ബി.സി.എ.എസ്സും കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും  സംയുക്തമായാണ് വ്യോമയാന സുരക്ഷാ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകൾ, ഫ്ലാഷ് മോബുകൾ, സ്കൂൾ വിദ്യാർത്ഥികളുടെ വിമാനത്താവള സന്ദർശനം, ക്വിസ് – ഉപന്യാസ മത്സരങ്ങൾ എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *