സിയാലിനെ മൾട്ടിമോഡൽ കാർഗോ ശൃംഖലയുടെ കേന്ദ്രമാക്കും- മുഖ്യമന്ത്രി

വ്യോമ, റോഡ്, റെയിൽ, ജല മാർഗങ്ങൾ സംയോജിപ്പിച്ച് മൾട്ടിമോഡൽ കാർഗോ ശൃംഖല സ്‌ഥാപിക്കുമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ അതിന്റെ കേന്ദ്രമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) കാർഗോ വിഭാഗം 25 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ഫിക്കിയുമായി ചേർന്ന് സിയാൽ സംഘടിപ്പിച്ച രാജ്യാന്തര കാർഗോ ബിസിനസ് സമ്മിറ്റിന്റെ പ്ലീനറി സെഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്‌ഘാടന വേദിയിൽ സ്‌ഥാപിച്ച കോക്ക്പിറ്റ് മാതൃകയിൽ ഗിയർ ചലിപ്പിച്ചാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തത്.

വിമാനത്താവളം   എന്നതിനപ്പുറം കേരളത്തിന്റെ  സാമ്പത്തിക വളർച്ചയ്ക്ക് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള പദ്ധതികളാണ് സിയാൽ  നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം 65,000 മെട്രിക് ടണ്ണിലേറെ ചരക്കുകൾ കൈകാര്യം ചെയ്തു. നടപ്പ് സാമ്പത്തിക വർഷം ഇത് 74,000 ടണ്ണായി ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

50 ശതമാനം ലാഭ വിഹിതമാണ് നിക്ഷേപകർക്ക് സിയാൽ നൽകിയത്.  പ്രവർത്തനം കൊണ്ട് രാജ്യത്തിനാകെ മാതൃകയാണ് സിയാലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് പഞ്ചായത്തുകൾക്ക് ഗുണം ലഭിക്കുന്ന തരത്തിൽ മൂന്ന് പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർട്ടിഫിക്കേഷനായി സിയാൽ ശ്രമം  തുടങ്ങിയിട്ടുണ്ട്.

ആഗോളതലത്തിൽ ശ്രദ്ധേയരായ കമ്പനികൾ സിയാലിന് സമീപം ലോജിസ്റ്റിക്ക് പാർക്കുകൾ സ്‌ഥാപിക്കുന്നത് സിയാലിലെ കാർഗോ സാദ്ധ്യതകൾ കൂടുതലായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന്   വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. വൻകിട കമ്പനികളുടെ സാന്നിധ്യം  ചരക്ക് നീക്കത്തിലെ വളർച്ചാ നിരക്കിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു.  കാർഗോ കയറ്റുമതി രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച സ്‌ഥാപനങ്ങളെ ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് സ്വാഗതവും കാർഗോ വിഭാഗം മേധാവി സതീഷ് കുമാർ ആർ. പൈ നന്ദിയും പറഞ്ഞു.

എം.എൽ.എ മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, അങ്കമാലി മുനിസിപ്പൽ ചെയർപേഴ്‌സൺ റീത്താ പോൾ, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡൻറ് ജെസി ജോർജ്, സിയാൽ ഡയറക്ടർ വർഗീസ് ജേക്കബ്, എയർപോർട്ട് ഡയറക്ടർ ജി.മനു എന്നിവരും പങ്കെടുത്തു.