സിയാലിൽ വിപുലീകരിച്ച കാർഗോ വെയർഹൗസ് ഉദ്ഘാടനം ചെയ്തു
വാർഷിക കയറ്റുമതി കാർഗോ സംഭരണ ശേഷി 1.25 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും
കയറ്റുമതി ചരക്കുകളുടെ സംഭരണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് ഉദ്ഘാടനം ചെയ്തു. ഇതോടെ സിയാലിലെ വാർഷിക എക്സ്പോർട്ട് കാർഗോ കൈകാര്യം ചെയ്യൽ ശേഷി 75,000 മെട്രിക് ടണ്ണിൽ നിന്ന് 1.25 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു.
പുതിയ സംവിധാനത്തിൽ രണ്ട് അധിക എക്സ്-റേ മെഷീനുകളും എക്സ്പ്ലോസീവ് ഡിറ്റക്ഷൻ മെഷീനുകളുമുൾപ്പെടെ അപകടകരമായ ചരക്കുകൾ സൂക്ഷിക്കുന്നതിനുള്ള സംവിധാനം, +2°C മുതൽ +8°C വരെ താപനില നിലനിർത്തുന്ന രണ്ട് കോൾഡ് റൂമുകൾ, റേഡിയോ ആക്ടീവ് കാർഗോ മുറി, വിലപിടിപ്പുള്ള ചരക്കുകൾക്കായുള്ള പ്രത്യേക മുറി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടെ എളുപ്പം കേടാവുന്ന തരം ചരക്കുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ, അപകടകരമായ ചരക്കുകൾ, റേഡിയോ ആക്ടീവ് വസ്തുക്കൾ, വിലയേറിയ കൺസൈൻമെന്റുകൾ എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള കയറ്റുമതി ചരക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സിയാലിന്റെ ശേഷി വർധിച്ചു.
സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് വെയർഹൗസ് ഉദ്ഘാടനം ചെയ്തു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഇ.വികാസ്, ജനറൽ മാനേജരും കാർഗോ വിഭാഗം മേധാവിയുമായ സതീഷ് കുമാർ പൈ, എയർപോർട്ട് ഡയറക്ടർ മനു ജി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചരക്കുകളുടെ ടേൺ അറൗണ്ട് സമയം കുറയ്ക്കാനും കോൾഡ് ചെയിൻ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും വിപുലീകരിച്ച എക്സ്പോർട്ട് കാർഗോ വെയർഹൗസ് സഹായകരമാകുമെന്ന് സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു. വ്യാപാര–ലോജിസ്റ്റിക് മേഖലയുടെ മാറിവരുന്ന ആവശ്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സിയാലിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




















