ഹജ്ജ് ക്യാമ്പിനായി വിപുലമായ സൗകര്യങ്ങളൊരുക്കി സിയാൽ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റായ കൊച്ചി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിനായി സിയാൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. തിരുവനന്തപുരം മുതൽ തൃശ്ശൂർവരെയുള്ള ജില്ലകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള തീർത്ഥാടകരാണ് ഇത്തവണ കൊച്ചിയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യ വിമാനം.

സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് യോഗം ചേരാനുള്ള അസംബ്ലി ഹാൾ, 600 പേരെ ഉൾക്കൊള്ളാവുന്ന പ്രാർത്ഥനാ ഹാൾ, 60 ടോയ്‌ലെറ്റുകൾ, 40 ഷവർ റൂമുകൾ, 152 പേർക്ക് ഒരേസമയം വുളു ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി, ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫീസ്, പാസ്‌പോർട്ട് പരിശോധനാ കേന്ദ്രം, ഹജ്ജ് സെൽ ഓഫീസ്, ഹജ്ജ് കമ്മറ്റി ഓഫീസ് എന്നിവ ക്യാമ്പിൽ സിയാൽ സജ്ജമാക്കിയിട്ടുണ്ട്.

ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം, ഹാജിമാർക്ക് ഏറ്റവും മികച്ച രീതിയിൽ തീർത്ഥാടന യാത്ര നടത്താനുള്ള സൗകര്യമാണ് സിയാൽ ഹജ്ജ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളതെന്ന് മാനേജിങ് ഡയറക്ടർ എസ്.സുഹാസ് അറിയിച്ചു. ജൂൺ ഏഴിന് തുടങ്ങുന്ന തീർത്ഥാടനത്തിനായി എംബാർക്കേഷൻ പോയിന്റിലെ സൗകര്യങ്ങളുടെ അവസാന വട്ട വിലയിരുത്തലിനായി ഹജ്ജ് ക്യാമ്പിൽ എത്തിയതായിരുന്നു അദ്ദേഹം.

ജൂൺ ഏഴ് മുതൽ 21 വരെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്ന് സൗദി എയർലൈൻസ് പ്രത്യേക ഹജ്ജ് സർവീസ് നടത്തുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള 163 തീർത്ഥാടകർ ഉൾപ്പെടെ 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകും.

ചിത്രം :
സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് കൊച്ചി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *