സിയാലിൽ വ്യോമയാന സുരക്ഷാ വാരാചരണം തുടങ്ങി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) വ്യോമയാന സുരക്ഷാ വാരാചരണത്തിന് തുടക്കമായി. മുന്നൂറിലധികം പേർ പങ്കെടുത്ത കൂട്ടനടത്തത്തോടെയാണ് ഈ വർഷത്തെ സുരക്ഷാ വാരാചരണത്തിന് തുടക്കം കുറിച്ചത്. ആഗസ്റ്റ് അഞ്ചിന് രാവിലെ ആറ് മണിക്ക് ആരംഭിച്ച കൂട്ടനടത്തിനു ശേഷം സിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ ശിവദാസൻ ഹരിദാസൻ ചൊല്ലി കൊടുത്ത വ്യോമയാന സുരക്ഷാ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി.
വ്യോമയാന സുരക്ഷാ ക്രമീകരണങ്ങളിൽ സ്വയം സഹകരണം ഉറപ്പാക്കുക എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി ക്വിസ് മത്സരങ്ങൾ, സി.ഐ.എസ്.എഫ് ഡോഗ് സ്ക്വാഡ് പ്രകടനങ്ങൾ, സാംസ്കാരിക സായാഹ്നങ്ങൾ, വീഡിയോ പ്രദർശനങ്ങൾ എന്നിവ സിയാൽ സംഘടിപ്പിക്കും.
‘കാണുക, അറിയിക്കുക, സുരക്ഷിതമാക്കുക’ എന്ന ആശയമാണ് വ്യോമയാന സുരക്ഷാ വാരത്തിന്റെ പ്രധാന മുദ്രാവാക്യം. യാത്രക്കാർ അവരുടെ ചുറ്റുപാടുകൾ നിരീക്ഷിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ഉടനടി അധികൃതരെ അറിയിക്കാനും ഈ പ്രവർത്തനങ്ങളിലൂടെ അവരെ പ്രേരിപ്പിക്കുന്നു. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയും (ബി.സി.എ.എസ്) ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയവുമാണ് വ്യോമയാന സുരക്ഷാ വാരാചരണത്തിന് നേതൃത്വം നൽകുന്നത്.