സിയാൽ ബിസിനസ്സ് ജെറ്റ് ടെർമിനൽ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ്‌വേ
ടെർമിനൽ ഡിസംബർ 11 മുതൽ പ്രവർത്തനം തുടങ്ങും.
സ്വകാര്യ, ചാർട്ടർ വിമാനങ്ങൾക്കായുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) ബിസിനസ്സ് ജെറ്റ് ടെർമിനൽ ഡിസംബർ 10 ന് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 40,000 ചതുരശ്രയടി വിസ്തീർണമുള്ള, രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് ജെറ്റ് ടെർമിനലാണിത്. അന്താരാഷ്ട്ര, ആഭ്യന്തര ബിസിനസ്സ് ജെറ്റ് സർവ്വീസുകൾ, വിനോദസഞ്ചാരം, ബിസിനസ്സ് സമ്മേളനങ്ങൾ എന്നിവയെ സമന്വയിപ്പിക്കാനുള്ള വേദിയായി ചാർട്ടർ ഗേറ്റ്‌വേ പ്രവർത്തിക്കും.
ബിസിനസ്സ് ജെറ്റ് ടെർമിനൽ പ്രവർത്തനമാരംഭിക്കുന്നതോടെ, രാജ്യത്ത് സ്വകാര്യ ജെറ്റ് ടെർമിനലുകൾ പ്രവർത്തിപ്പിക്കുന്ന നാല് വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറും. സ്വകാര്യ കാർ പാർക്കിങ് ഇടം, ഡ്രൈവ്-ഇൻ പോർച്ച്, ഗംഭീരമായ ലോബി, സൗകര്യസമൃദ്ധമായ അഞ്ച് ലോഞ്ചുകൾ, ബിസിനസ്സ് സെന്റർ, ചെക്ക്-ഇൻ, ഇമിഗ്രേഷൻ, കസ്റ്റംസ്, ഹെൽത്ത്, സെക്യൂരിറ്റി സംവിധാനങ്ങൾ, ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ, അത്യാധുനിക
വീഡിയോ കോൺഫറൻസിങ് സംവിധാനം എന്നിവയും ഗേറ്റ്‌വേയുടെ സവിശേഷതകളാണ്. ഇതിനുപുറമെ, അതി സുരക്ഷ ആവശ്യമുള്ള വി.ഐ.പി. അതിഥികൾക്കായി ഒരു സേഫ് ഹൗസും സജ്ജമാക്കിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളോട് കൂടി, പരമാവധി ചെലവ് കുറച്ച് പണി കഴിപ്പിച്ചിട്ടുള്ളതിനാൽ, താരതമ്യേന കുറഞ്ഞ ചെലവിൽ ബിസിനസ്സ് ജെറ്റ് യാത്രകൾ ഒരുക്കുക എന്ന ആശയം ടെർമിനലിന്റെ ഉദ്‌ഘാടനത്തോടെ സാക്ഷാത്ക്കരിക്കപ്പെടുകയാണ്. വ്യോമയാന മേഖലയുടെ ഭാവി മുന്നിൽ കണ്ട്, നിരവധി പദ്ധതികൾ സിയാൽ ആസൂത്രണം ചെയ്തിട്ടുണ്ട്. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും വിജയകരമായി നടപ്പിലാക്കാനുമുള്ള സിയാലിന്റെ വികസന നയത്തിന്റെ ഭാഗമായാണ് ബിസിനസ്സ് ജെറ്റ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കിയത്.
പരമാവധി കുറഞ്ഞചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോട് നീതിപുലർത്താൻ സിയാലിന് കഴിഞ്ഞിട്ടുണ്ട്. ആ ലക്ഷ്യത്തിൽ നിന്ന് ഒരു ചുവടുവയ്പ്പ് കൂടിയാണ് ബിസിനസ്സ് ജെറ്റ് ടെർമിനൽ പദ്ധതി. 30 കോടി രൂപ മുടക്കി വെറും 10 മാസത്തിനുള്ളിലാണ് ടെർമിനൽ സിയാൽ പൂർത്തീകരിച്ചത്.
സിയാൽ ടെർമിനൽ – 2 ന് മുന്നിലെ വേദിയിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. റവന്യു മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർക്കൊപ്പം മറ്റു പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ബിസിനസ്സ് ജെറ്റ് ടെർമിനൽ ഡിസംബർ 11 മുതൽ പ്രവർത്തനം തുടങ്ങും. Content Highlights: Kerala CM to dedicate India’s First Charter Gateway at Kochi on Saturday