സ്വിഫ്റ്റിന് 113 ഇ-ബസ്സുകൾ കൂടി; 60 ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു

സമഗ്ര നഗരവികസന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിവേഗം നഗരവൽകരിക്കപ്പെടുന്ന കേരളത്തിൽ നവകേരള നഗരനയം രൂപവൽകരിച്ചാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയുടെ സ്മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി 113 ഇലക്ട്രിക് ബസ്സുകൾ സിറ്റി സർവീസിനായി കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന് കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആദ്യഘട്ടമായി 60 ഇ-ബസ്സുകളാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് മോഡൽ ബോയ്‌സ് സ്‌കൂൾ മൈതാനത്ത് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്.

നവകേരള നഗരനയം നടപ്പാക്കാൻ കമ്മീഷൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിദഗ്ധർ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ

എന്നിവർ ഉൾപ്പെട്ടതായിരിക്കും കമ്മീഷൻ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നഗരനയത്തിന്റെ മാസ്റ്റർപ്ലാൻ തയാറാക്കാൻ അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം തേടും-  മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ മന്ത്രി എം. ബി.രാജേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആദ്യമായി നിരത്തിലിറക്കുന്ന ആധുനിക ശ്രേണിയിലുള്ള ഡബിൾ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ് ഹൈടെക് ബസ്സുകളുടെ ഫ്ലാഗ് ഓഫും മുഖ്യമന്ത്രി നിർവഹിച്ചു. ഇ-ബസ്സ്, ഹൈബ്രിഡ് ബസ്സ് എന്നിവയുടെ മിനിയേച്ചർ രൂപങ്ങൾ ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്നിവർ ഏറ്റുവാങ്ങി

ആദ്യ ഇ-ബസ്സിന്റെയും ഹൈബ്രിഡ് ബസ്സിന്റെയും താക്കോൽദാനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സർക്കുലർ സർവീസ് ചിഹ്നം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പ്രകാശനം ചെയ്തു. ഐ.ടി അധിഷ്ഠിത സേവനങ്ങളുടെ ആപ്പ്-മാർഗദർശിയുടെ പ്രകാശനം ഡെപ്യൂട്ടി മേയർ പി. കെ.രാജു നിർവഹിച്ചു.

സിറ്റി സർക്കുലർ ബസ്സുകളുടെ തൽസമയ സഞ്ചാര വിവരം അറിയാനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ നീയോ ബീറ്റാ വേർഷന്റെ പ്രകാശനവും നടന്നു. മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ, പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *