വാട്ടർ മെട്രോ കൊച്ചിയുടെ  വികസനത്തിന്റെ തെളിവ്-ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ

കൊച്ചിയെക്കുറിച്ചുള്ള ഗൃഹാതുര ഓർമ്മകളുമായി വാട്ടർ മെട്രോയിൽ യാത്ര നടത്തി ചീഫ് ഇലക്ഷ്ൻ കമ്മീഷണർ ഗ്യാനേഷ് കുമാർ. കേരള സന്ദർശനത്തിനെത്തിയ അദ്ദേഹം ജില്ലാകളക്ടറായി സേവനം അനുഷ്ടിച്ചപ്പോഴുള്ള ഓർമ്മകളുമായാണ് കൊച്ചിയിലെത്തിയത്.

ഹൈക്കോർട്ട് ടെർമിനലിലെത്തിയ അദ്ദേഹത്തെ കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ, ചീഫ് ജനറൽ മാനേജർ ഷാജി ജനാർദ്ദനനൻ, വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി.ജോൺ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൊച്ചി കായലിലൂടെ ഏകദേശം രണ്ട് മണിക്കൂറോളം  യാത്ര നടത്തിയ അദ്ദേഹം ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനലും സന്ദർശിച്ചു.

യാത്രയ്ക്കിടെ കൊച്ചിയിലെ തന്റെ ഔദ്യോഗിക കാലഘട്ടത്തിലെ അനുഭവങ്ങൾ ജ്ഞാനേഷ് കുമാർ പങ്കുവെച്ചു. താൻ എറണാകുളം ജില്ലാ കളക്ടറായും കൊച്ചി കോർപ്പറേഷൻ കമ്മീഷണറായും സേവനമനുഷ്ഠിച്ചിരുന്ന കാലത്തും ജലഗതാഗത സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇതുപോലെ സുസംഘടിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു സംവിധാനം അന്നില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“കൊച്ചി എത്രമാത്രം വികസിച്ചുവെന്നതിന് മികച്ച ഉദാഹരണമാണ് വാട്ടർ മെട്രോ. നഗരത്തിന്റെ പുരോഗതിയുടെ ശക്തമായ സൂചികയാണിത്,” അദ്ദേഹം പറഞ്ഞു. യാത്ര ഏറെ സുഖകരമാണെന്നും പൊതുജനങ്ങൾ ഈ സംവിധാനം ആവേശത്തോടെ സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐ.ഐ.ടി കാൻപൂർ മുൻ വിദ്യാർത്ഥിയായ ജ്ഞാനേഷ് കുമാർ വാട്ടർ മെട്രോയിലെ സാങ്കേതിക സംവിധാനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു. ജലാശയങ്ങളുള്ള ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇന്ത്യയിൽ വെള്ളമുള്ളിടത്തൊക്കെ വാട്ടർ മെട്രോ പോലുള്ള സംവിധാനങ്ങൾ വരണം. അത്ര മികച്ച ആശയമാണിത്,” ഇന്ത്യയിലെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനം കെ.എം.ആർ.എൽ നടത്തിക്കൊണ്ടിരിക്കുന്ന കാര്യം ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു.