ചാലിയാറിലെ വേഗ രാജാക്കന്മാരായി വയൽക്കര വേങ്ങാട്

കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്

ചാലിയാറിന്റെ ഓളപ്പരപ്പിൽ കാണികളെ ആവേശത്തിലാഴ്ത്തിയ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് ചാമ്പ്യൻഷിപ്പിൽ വേഗരാജാക്കൻമാരായി വയൽക്കര വേങ്ങാട്. ഏ.കെ.ജി. പൊടൊത്തുരുത്തിയെ പിന്നിലാക്കിയാണ് വയൽക്കര വേങ്ങാട് ചാമ്പ്യൻസ് ബോട്ട് ലീഗിലെ ജലരാജാക്കൻമാരായത്.
ഏ.കെ.ജി പൊടൊത്തുരുത്തി റണ്ണറപ്പായി. ന്യൂ ബ്രദേഴ്സ് മയ്യിച്ചയാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട്  ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്ന്‌ ആരംഭിച്ച് പഴയ പാലത്തിന് സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങൾ നടത്തിയത്.

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സി.ബി.എൽ രണ്ടാം സീസണിൽ കാസർകോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള ഒൻപത് ചുരുളൻ വള്ളങ്ങളാണ് പങ്കെടുത്തത്. ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയൽക്കര മയ്യിച്ച, എ.കെ.ജി മയ്യിച്ച, ശ്രീവിഷ്ണുമൂർത്തി കുറ്റിവയൽ, റെഡ്സ്റ്റാർ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നീ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.

ചാമ്പ്യൻസ് ബോട്ട് ലീഗ് വളളംകളിക്ക്  ചാലിയാർ സ്ഥിരം വേദിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ ഫറോക്ക് പഴയ പാലത്തിന് സമീപം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടർ സ്പോർട്സ് ഇനങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി. എം.എൽ-എമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ റഹീം, മേയർ ഡോ. ബീന ഫിലിപ്പ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ സജീഷ്, ഒ.ഡി.ഇ.പി.സി ചെയർമാൻ  അനിൽ കുമാർ എന്നിവർ വിഷ്ടാതിഥികളായി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സ്വാഗതവും സംഘാടകസമിതി കൺവീനർ രാധാഗോപി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *